കൂര്‍ക്കംവലിക്ക് അമേരിക്കയില്‍നിന്നൊരു പരിഹാരം

കൂര്‍ക്കംവലിക്ക് പരിഹാരവുമായി അമേരിക്കന്‍ അമേരിക്കന്‍ ഗവേഷകര്‍. ലാസ്‌വേഗാസില്‍ നടന്ന ‘കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ’ എന്ന പരിപാടിയിലാണ് അമേരിക്കന്‍ ഗവേഷകര്‍ തങ്ങളുടെ കണ്ടുപിടിത്തം അവതരിപ്പിച്ചത്.

പങ്കാളികള്‍ക്കുപോലും അലോസരമുണ്ടാക്കുന്ന കൂര്‍ക്കംവലിക്ക് കിടക്കയുടെ രൂപത്തിലാണ് ഗവേഷകര്‍ പരിഹാരംകണ്ടത്. കൂര്‍ക്കംവലിക്കുന്നവരുടെ കിടത്തത്തിന്റെ രീതിമാറ്റിക്കൊണ്ടാണ് കിടക്കയുടെ പ്രധാന പ്രവര്‍ത്തനം. വ്യക്തി കൂര്‍ക്കം വലിക്കാന്‍ തുടങ്ങുമ്പോള്‍തന്നെ കിടക്കയില്‍ ഘടിപ്പിച്ചിട്ടുള്ള പ്രത്യേകതരം ‘സൗണ്ട് സെന്‍സറു’കള്‍ കിടക്കക്കുള്ളിലെ വായുഅറകളെ പ്രത്യേകരീതിയില്‍ ക്രമീകരിച്ച് കൂര്‍ക്കംവലിക്കാരന്റെ കിടത്തത്തിന്റെ രീതി മാറ്റുന്നു. തലഭാഗം ഏഴ് ഡിഗ്രിവരെ ഉയര്‍ത്തിയും ചരിച്ചുകിടത്തിയുമാണ് ശ്വസനനാളിയുടെ സ്ഥാനമാറ്റത്തിലൂടെ കൂര്‍ക്കംവലി നിര്‍ത്തുന്നത്.

അന്തരീക്ഷത്തിലെ ഊഷ്മാവിനനുസരിച്ച് കിടക്കയിലെ ചൂടും തണുപ്പും ക്രമീകരിക്കാനുള്ള സംവിധാനവും സമയത്തിന് വിളിച്ചുണര്‍ത്താനുള്ള അലാറവും ഈ കിടക്കയിലുണ്ട്. ലോകത്ത് പൊണ്ണത്തടിക്കാരുടെ എണ്ണം കുത്തനെ ഉയരുകയും അതിന് ആനുപാതികമായി കൂര്‍ക്കംവലിക്കാരുടെ ജനസംഖ്യ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തങ്ങളുടെ ഉല്‍പന്നം വിപണി കീഴടക്കുമെന്നാണ് ഗവേഷകരും കമ്പനിയും കരുതുന്നത്.