തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവിഷബാധ അഥവാ റാബിസ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണിത്. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ കാണുന്ന വൈറസുകള്‍ അവയുടെ കടികൊണ്ടോ മാന്തുകൊണ്ടോ നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന മുറിവില്‍ക്കൂടി/ പോറലില്‍ക്കൂടി ശരീര പേശികള്‍ക്കിടയിലെ സൂക്ഷ്മ നാഡികളില്‍ എത്തപ്പെട്ട് കേന്ദ്രനാഡീ വ്യൂഹത്തില്‍ക്കൂടി സഞ്ചരിച്ച് സുഷുമ്നാ നാഡിയെയും തലച്ചോറിനെയും ബാധിക്കുന്നു. ഇതിനു പുറമേ ചുണ്ട്, നാക്ക്, വായ എന്നിവിടങ്ങളില്‍ മൃഗങ്ങള്‍ നക്കുക വഴിയും വൈറസ് ബാധിക്കാം. വൈറസ് ബാധ ഉണ്ടായി രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത് വരെയുള്ള ഇടവേള മാസങ്ങള്‍ നീണ്ടു നില്‍ക്കാം.
കേന്ദ്ര നാഡീവ്യൂഹത്തില്‍ വൈറസ് എത്ര പെട്ടെന്ന് എത്തുന്നുവോ അത്രയും ദൈര്‍ഘ്യം മാത്രമേ രോഗലക്ഷണങ്ങള്‍ പ്രകടമാകുവാന്‍ എടുക്കുകയുള്ളൂ. ഇത് ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ സമയം എടുക്കാം. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ മരണം തീര്‍ച്ചയാണ്.പേവിഷബാധ 90 ശതമാനവും പട്ടികളില്‍ നിന്നാണ് പകരുന്നത്. മറ്റു വളര്‍ത്തുമൃഗങ്ങള്‍ വഴിയും വന്യമൃഗങ്ങള്‍ വഴിയും ചിലയിനം വവ്വാലുകള്‍ വഴിയും വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ട്.
വളര്‍ത്തു മൃഗങ്ങളുടെ കടിയേറ്റാല്‍, പ്രതിരോധ കുത്തിവെപ്പ് എടുത്തവ ആണെങ്കിലും, പറ്റുമെങ്കില്‍ അവയെ കെട്ടിയിടുകയോ കൂട്ടിലാക്കുകയോ ചെയത് 10 ദിവസം വരെയെങ്കിലും നിരീക്ഷിക്കണം. രോഗബാധയുള്ള മൃഗം ആണെങ്കില്‍ പത്തുദിവസത്തിനകം ചത്തുപോവുകയോ രോഗലക്ഷണങ്ങള്‍ പ്രകടമാകുകയോ ചെയ്യും. എന്തുതന്നെയാണെങ്കിലും കടി ഏല്‍ക്കുകയോ പോറലേല്‍ക്കുകയോ ചെയ്താല്‍ ഉടന്‍തന്നെ മുറിവ് ടാപ്പ് വെള്ളത്തില്‍ കഴുകാന്‍ ശ്രദ്ധിക്കണം.
സോപ്പുപയോഗിച്ച് 10-15 മിനിറ്റ് വരെ കഴുകണം. മുറിവ് കെട്ടിവയ്ക്കുകയോ മഞ്ഞള്‍പൊടി കാപ്പിപ്പൊടി മുതലായവ ഉപയോഗിച്ച് മുറിവ് ഉണക്കാനോ ശ്രമിക്കരുത്. മുറിവ് സോപ്പിട്ട് കഴുകിയ ശേഷം ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതും പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതുമാണ്. പൂര്‍ണ്ണമായും തടയാവുന്ന ഒന്നാണ് പേവിഷബാധയേറ്റുള്ള മരണം. ആയതിനാല്‍ നാം ജാഗ്രത പാലിക്കേണ്ടതാണ്.