മാനദണ്ഡങ്ങളില്‍ പുത്തന്‍ മാറ്റവുമായി ലോകത്തെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്. യൂട്യൂബേഴ്സിന്റെ വീഡിയോ കണ്ടന്റുകളെ പരസ്യധാതാക്കളുമായി പങ്കുവയ്ക്കുന്നതിലാണ് കമ്പനി പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലെത്തുന്നതോടെ യൂട്യൂബ് പാര്‍ട്ണര്‍ എന്ന പദവി ലഭിക്കാത്ത യൂട്യൂബേഴ്സിന്റെ വീഡിയോകളിലും പരസ്യം എത്തും. എന്നാല്‍ ഈ പരസ്യങ്ങളുടെ പണം യൂട്യൂബര്‍ക്ക് ലഭിക്കില്ല എന്നതാണ് പ്രധാനം.
മുമ്പ് അവസാന 12 മാസത്തിനിടയില്‍ ആകെ വീഡിയോകള്‍ക്ക് 4000 മണിക്കൂര്‍ വ്യൂവ്സും, 1000 സബ്സ്ക്രൈബേഴ്സും പുര്ത്തിയാക്കുന്നവര്ക്ക് മാത്രമാണ് നിലവില്‍ യൂട്യൂബ് പരസ്യവരുമാനം നല്‍കിവരുന്നത്. ഈ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാത്ത നിരവധി വീഡിയോകളും യൂട്യൂബില്‍ വ്യാപകമായി ഉണ്ട്. എന്നാല്‍ ഈ വീഡിയോകളെ ഇതുവരെ പരസ്യവരുമാനത്തിനായി യൂട്യൂബും ഉപയോഗിച്ചിരുന്നില്ല. ആ സാധ്യതയെ പ്രയോജനപ്പെടുത്താനാണ് നിലവില്‍ യൂട്യൂബ് ലക്ഷ്യമിടുന്നത്.
എന്നാല്‍ പുതിയ മാനദണ്ഡങ്ങള്‍ വളര്‍ന്നുവരുന്ന യൂട്യൂബേഴ്സിനെ യാതൊരുവിധത്തിലും പ്രതീകൂലമായി ബാധിക്കില്ലെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള മാനദണ്ഡങ്ങളായ 4000 മണിക്കൂറും 1000 സബ്സ്ക്രൈബേഴ്സും പൂര്‍ത്തിയാക്കുന്നതോടെ ഏതൊരുവ്യക്തിയും യൂട്യൂബ് പാര്‍ട്ണറായി മാറും. എന്നാല്‍ വീഡിയോയുടെ സ്വഭാവവും ഗുണമേന്മയും അടിസ്ഥാനമാക്കിയാവും ഓരോ ഉപഭോക്താവിനും പരസ്യവരുമാനം ലഭിക്കുക.