തിരുവനന്തപുരം: 10, പ്ലസ് ടു അധ്യാപകരില്‍ 50 ശതമാനം പേര് ഒരു ദിവസം എന്ന രീതിയില്‍ ഡിസംബര്‍ 17 മുതല്‍ സ്കൂളുകളില്‍ ഹാജരാകണം. പഠനപിന്തുണ കൂടുതല്‍ ശക്തമാക്കുക, റിവിഷന്‍ ക്ലാസ്സുകള്‍ക്കും വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകള്‍.
ജനുവരി 15ന് പത്താംതരം ക്ലാസ്സുകളുടെയും ജനുവരി 30ന് പ്ലസ് ടു ക്ലാസ്സുകളുടെയും ഡിജിറ്റല്‍ ക്ലാസ്സുകള്‍ പൂര്‍ത്തീകരിക്കാന്‍ ക്രമീകരണം ഉണ്ടാക്കും. തുടര്‍ന്ന് കുട്ടികള്‍ക്ക് സ്കൂളിലെത്താന്‍ സാഹചര്യമുണ്ടാകുമ്പോള്‍ പ്രാക്ടിക്കല്‍ ക്ലാസ്സുകളും ഡിജിറ്റല്‍ പഠനത്തെ ആസ്പദമാക്കി റിവിഷന്‍ ക്ലാസ്സുകളും നടത്തും. കൈറ്റും എസ്.സി.ഇ.ആര്.ടിയും നല്കുന്ന പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ഡിജിറ്റല്‍ ക്ലാസ്സുകള്‍ ക്രമീകരിക്കും. എല്ലാ വിഷയങ്ങളുടെയും ഡിജിറ്റല്‍ ക്ലാസ്സുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് പൊതുപരീക്ഷയ്ക്ക് തയ്യാറാകാന്‍ ക്രമീകരണങ്ങള്‍ നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്.