ദോഹ: മാലിന്യ നിര്‍മാര്‍ജനത്തിനായി പുതിയ പദ്ധതികള്‍ ഒരുക്കി ഖത്തര്‍ മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. മാലിന്യനിര്‍മ്മാര്‍ജ്ജനം കൂടുതല്‍ കാര്യക്ഷമവും പുനരുപയോഗ്യവും ആക്കുന്നതിനായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. മാലിന്യ നിര്‍മ്മാജ്ജന പദ്ധതി വിശദീകരിക്കുന്നതിനായി നടന്ന ചടങ്ങില്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ബാങ്ക്, വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍ തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി ബാങ്കുകള്‍, മറ്റു പണമിടപാട് സ്ഥാപനങ്ങള്‍, വ്യാപാരസമുച്ചയങ്ങള്‍, മാളുകള്‍ തുടങ്ങിയവക്ക് മന്ത്രാലയം രണ്ടു തരം വേസ്റ്റ് ബോക്സുകള്‍ നല്‍കും. അതാതിടങ്ങളിലെ മാലിന്യങ്ങള്‍ രണ്ടായി തരം തിരിച്ച് ബോക്സുകളില്‍ നിക്ഷേപിക്കണം. ആദ്യ ബോക്സില്‍ ഭക്ഷണ മാലിന്യങ്ങള്‍ മാത്രമാണ് നിക്ഷേപിക്കാന്‍ കഴിയൂ. രണ്ടാമത്തേത് പുനരുപയോഗസാധ്യതയുള മാലിന്യങ്ങളായ പേപ്പറുകള്‍, പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹ വസ്തുക്കള്‍ തുടങ്ങിയവയും നിക്ഷേപിക്കാം.
ഖത്തര്‍ ദേശിയ വിഷന്‍ 2020 ന്റെ ഭാഗമായുള്ള സുസ്ഥിര വികസനപദ്ധതികള്‍ക്ക് പിന്തുണ നല്‍കുക,2022 ലോകകപ്പ് ഫുട്ബോള്‍ പരിസ്ഥിതി സൗഹൃദാന്തരീക്ഷത്തില്‍ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ മാലിന്യനിമാര്ജ്ജന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രാലയ പ്രീതിനിധികള്‍ വ്യക്തമാക്കി.