കരള്‍ രോഗങ്ങളെ പ്രതിരോധിക്കാം ഗ്രീന്‍ ടീയിലൂടെ

ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട അവയവമാണ് കരള്‍. ശരീരത്തിലെ വിഷാംശം വലിച്ചെടുത്ത് രക്തം ശുദ്ധമാക്കുക, ശരീരത്തിലെ അണുബാധകളെ ചെറുക്കുക എന്നിവയാണ് കരളിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടുതന്നെ കരളിന്റെ സാധാരണ പ്രവര്‍ത്തങ്ങള്‍ക്ക് എന്തെങ്കിലും തടസ്സമുണ്ടായാല്‍ അത് മനുഷ്യന്റെ മുഴുവന്‍ ആരോഗ്യത്തിലും പ്രതിഫലിക്കും. കരളിനെ സംബന്ധിച്ച രോഗങ്ങളുടെ ലക്ഷണങ്ങള്‍ വളരെ വൈകിയാണ് ശരീരം പ്രകടിപ്പിച്ചുതുടങ്ങുക. അതുകൊണ്ടുതന്നെ കരളിന് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുക എന്നതും എളുപ്പം സാധ്യമാകില്ല. ഇൗ സാഹചര്യത്തിലാണ് ഗ്രീന്‍ ടീയുടെ ഉപയോഗം ചര്‍ച്ചചെയ്യപ്പെടേണ്ടത്.

കരളിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച പാനീയമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ഫാറ്റി ലിവര്‍ രോഗം പിടിപെടാനുള്ള സാധ്യത 75 ശതമാനം കുറയ്ക്കുമെന്ന് ദി ജേണല്‍ ഓഫ് ന്യൂട്രീഷ്യന്‍ ബയോകെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിലും ഗ്രീന്‍ ടീ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ഒരു നുള്ളു മഞ്ഞള്‍ പൊടി ചേര്‍ത്ത് ഗ്രീന്‍ ടീ കുടിച്ചാല്‍ ഗുണമേറെയാണ്. രക്തം ശുചീകരിക്കുന്നതില്‍ മഞ്ഞളിനുള്ള കഴിവും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

കരളിന്റെ ആരോഗ്യത്തിന് പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ പരമാവധി ഉള്‍പെടുത്തേണ്ടത് അത്യാവശ്യമാണ്. ഫൈബര്‍, ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കരളിലെ വിഷാംശം ഇല്ലാതാക്കല്‍ പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് അവ അടങ്ങിയ ആഹാരങ്ങള്‍ ഭക്ഷണ പ്രക്രീയയില്‍ ഉള്‍പെടുത്തേണ്ടതാണ്.