പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി

കണ്ണൂര്‍: കളികളിലൂടെ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വളര്‍ത്തിയെടുക്കുന്നതിനായി കായിക വകുപ്പ് നടപ്പാക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തളാപ്പ് മിക്‌സഡ് യു പി സ്‌കൂളില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. പ്രൈമറി സ്‌കൂള്‍ തലത്തില്‍ കുട്ടികളുടെ കായിക മികവ് ഉയര്‍ത്തി സ്‌പോര്‍ട്ടിങ്ങ് ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. സ്‌കൂളുകല്‍ സജ്ജമാക്കിയ ഉപകരണങ്ങള്‍ വഴിയുള്ള പരിശീലനം കുട്ടികളുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിഡ്കോയുടെ സാങ്കേതിക സഹകരണത്തോടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 25 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കായികക്ഷമത വളര്‍ത്താനുള്ള ഇന്‍ഡോര്‍- ഔട്ട്ഡോര്‍ കായിക ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. ബാസ്‌ക്കറ്റ്ബോള്‍, ഫുട്ബോള്‍ തുടങ്ങിയ കായിക ഇനങ്ങളിലുള്ള അഭിരുചി കണ്ടെത്താനുള്ള പരിശീലനവും കുട്ടികള്‍ക്ക് നല്‍കും. നട്ടെല്ലിനും, പേശികള്‍ക്കും, ഉത്തേജനവും ആരോഗ്യവും കുട്ടികളറിയാതെ തന്നെ പ്രദാനം ചെയ്യുന്ന സ്‌പൈറല്‍ ബംബി സ്ലൈഡര്‍, കൈ കാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആര്‍ ആന്റ് എച്ച് പാര്‍ക് എന്നീ ഉപകരണങ്ങളാണ് ഔട്ട്‌ഡോറില്‍ സ്ഥാപിച്ചരിക്കുന്നത്.