വൈദ്യുതി സേവനങ്ങള്‍ക്കായി വിളിക്കൂ ‘1912’

തിരുവനന്തപുരം : വൈദ്യുതി സേവനങ്ങള്‍ ഇനി മുതല്‍ വാതില്‍പ്പടിയില്‍’ പദ്ധതി ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍. പദ്ധതിയുടെ ഭാഗമായി കെഎസ്ഇബിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള വിവിധ സേവനങ്ങള്‍ വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നിറവേറ്റും.

കെ.എസ്.ഇ.ബി ഓഫീസില്‍ പോകാതെ തന്നെ വൈദ്യുതി വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യം നിലവില്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍, സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള പരിമിതി ഒരു വിഭാഗം ജനങ്ങളെ ഇതില്‍നിന്നും അകറ്റി നിര്‍ത്തുന്നു. ഇതു കണക്കിലെടുത്താണ് അവര്‍ക്കുകൂടി ഉപകാരപ്പെടുന്ന നിലയില്‍ വൈദ്യുതി വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘വൈദ്യുതി സേവനങ്ങള്‍ വാതില്‍പ്പടിയില്‍’ എന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.

പദ്ധതിയുടെ ഭാഗമായി വൈദ്യുതി വകുപ്പിന്റെ എല്ലാ സേവനങ്ങള്‍ക്കുമായി പൊതുജനങ്ങള്‍ക്ക് 1912 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം. ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസില്‍ നിന്നും ഓരോ സേവനത്തിനും ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ അപേക്ഷകനെ നേരിട്ട് വിളിച്ചശേഷം വീട്ടിലെത്തി നിങ്ങളുടെ ആവശ്യം നിറവേറ്റും.