പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിനായി പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കുള്‍പ്പടെ പ്രചാരണ സാമഗ്രികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് പ്രകാരം സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പി.വി.സികള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍ എന്നിവ ഉപയോഗിക്കാനാവില്ല. പി.വി.സി പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക് അംശമുള്ള പുനഃചംക്രമണ സാധ്യമല്ലാത്തവ ഉപയോഗിച്ച് നിര്‍മിച്ച ബാനര്‍, ബോര്‍ഡുകള്‍ തുടങ്ങിയവയും ഉപയോഗിക്കാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ഷന്‍ ഓഫീസുകള്‍ അലങ്കരിക്കുന്നതിനും പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കാനാണ് കമ്മീഷന്‍ നിര്‍ദേശം.
ഇതിന് പകരമായി മുഴുവനായും കോട്ടണില്‍ നിര്‍മിച്ച തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങി പുനരുപയോഗിക്കാവുന്നതോ പുനഃചംക്രമണ സാധ്യമായതോ ആയ വസ്തുക്കള്‍ ഉപയോഗിച്ചുള്ള ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ മാത്രമേ പ്രചാരണ പരിപാടികള്‍ക്കായി ഉപയോഗിക്കുവാന്‍ പാടുള്ളൂ. ഇത്തരം മെറ്റീരിയല്‍ ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന സാമഗ്രികളില്‍ റീസൈക്ലബിള്‍, പി.വി.സി ഫ്രീ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പ്രിന്റിങ് നമ്പറും നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ ആവശ്യമായ നിയമ നടപടികള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്വീകരിക്കും. പുനരുപയോഗ യോഗ്യമായ പ്രചാരണ സാമഗ്രികള്‍ ഉപയോഗ ശേഷം അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ശേഖരിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മ സേന മുഖേന സര്‍ക്കാര്‍ കമ്പനിയായ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയും വേണം.
പോളിങ് ബൂത്തുകള്‍ സജ്ജമാക്കുമ്പോള്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശമുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനും ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച ഉത്തരവ് പ്രകാരം നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറാണ് ഹരിതചട്ടം പാലിക്കുന്നത് സംബന്ധിച്ച നോഡല്‍ ഓഫീസര്‍. വിവിധ വകുപ്പുകള്‍, ശുചിത്വമിഷന്‍ എന്നിവയെ ഏകോപ്പിച്ച് തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാര്‍ദ്ദമാക്കുന്നതിനുള്ള ചുമതല ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ്.