കോട്ടയം കുമരകത്ത് പാതി തളര്‍ന്ന ശരീരവുമായി കായല്‍ വൃത്തിയാക്കി ദേശിയ-അന്താരാഷ്ട്ര മാധ്യമ ശ്രദ്ധനേടിയ രാജപ്പന്റെ പണം തട്ടിയെടുത്തതായി പരാതി. സഹോദരി 5.08 ലക്ഷം രൂപയും വള്ളവും തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി രാജപ്പന്‍ ജില്ലാ പൊലീസ് മേധാവി പരാതി നല്‍കി.
തളര്‍ന്ന ശരീരവുമായി കായല്‍വൃത്തിയാക്കുന്ന രാജപ്പന്റെ വാര്‍ത്ത വൈറലായതോടെ സഹായവുമായി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. തായ്‌വാന്‍ സര്‍ക്കാരിന്റെ പ്രശംസയും പുരസ്‌കാരവും, മന്‍ കീ ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസയും രാജപ്പനെ തേടിയെത്തി.
പുരസ്‌കാരങ്ങളും സഹായങ്ങളുമടക്കം ലഭിച്ച പത്തൊമ്പത് ലക്ഷം രൂപയോളം നിക്ഷേപിക്കുന്നതിനായി രാജപ്പന്‍ സഹോദരിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരുന്നു. മഴക്കാലത്ത് വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി അക്കൗണ്ടില്‍നിന്നും പണം തിരിച്ചെടുക്കാന്‍ ബാങ്കിനെ സമീപിച്ചപ്പോള്‍ അഞ്ച് ലക്ഷം രുപയോളം നഷ്ടപ്പെട്ടതായി അറിഞ്ഞതെന്നാണ് രാജപ്പന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ രാജപ്പന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ അക്കൗണ്ടില്‍നിന്നും പണം പിന്‍വലിച്ചതെന്നും, മുഴുവന്‍ പണവും രാജപ്പനെ ഏല്‍പ്പിച്ചതായും സഹോദരി പറഞ്ഞു.