ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി സൈന്യം

ന്യൂഡല്‍ഹി: ചൈനീസ് കടന്നുകയറ്റം തടയുന്നതിനായി അതിര്‍ത്തിയില്‍ കൂടുതല്‍ സെന്‍സറുകളും ക്യാമറകളും സ്ഥാപിച്ച് ഇന്ത്യന്‍ സൈന്യം. പ്രദേശത്ത് സാറ്റലൈറ്റ്, ഡ്രോണ്‍ എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളും രാജ്യം ശക്തമാക്കി. കിഴക്കന്‍ ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള അതിര്‍ത്തിയിലാണ് സൈന്യം നിരീക്ഷണം ശക്തമാക്കുന്നത്.

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈന അതിക്രമിച്ച് കയറി ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രതിരോധ സേന അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ആരംഭിച്ചത്. ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് അതിക്രമിച്ച് കയറിയാണ് ചൈന ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം കൂടുതല്‍ ട്രൂപ്പുകളെ അതിര്‍ത്തിയില്‍ വിന്യസിച്ചു. 11 തവണ സമാധാന ചര്‍ച്ച നടന്ന ശേഷമാണ് ഇരു സൈന്യങ്ങളും പിന്‍വാങ്ങാന്‍ ധാരണയായത്.