രാത്രികാല കര്‍ഫ്യൂവും ഞായര്‍ ലോക്ക്ഡൗണും പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്ചകളിലെ ലോക്ക്ഡൗണും പിന്‍വലിക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഷീല്‍ഡ് രണ്ടാം ഡോസ് നാലാഴ്ചകള്‍ക്കു ശേഷം വാങ്ങാവുന്നതാണെന്ന ഹൈക്കോടതി വിധിയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പൂര്‍ണ യോജിപ്പാണ്.  അക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും.
കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ ബുധനാഴ്ചയും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ ദിവസവും പുതുക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ജില്ലാ അടിയന്തര കാര്യനിര്‍വഹണ കേന്ദ്രങ്ങള്‍ക്ക് നല്‍കും. ഇക്കാര്യം നിര്‍വഹിക്കുന്നതിനായി ഓരോ കേന്ദ്രത്തിനും ഐടി മിഷനില്‍ നിന്നും ഐടി വിദഗ്ധനെ താല്‍ക്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.