സ്ത്രീധനം സ്വീകരിക്കുന്ന പുരുഷന്മാര്‍ സമൂഹത്തിന് നാണക്കേട്: ഗവര്‍ണര്‍

മലപ്പുറം: സ്ത്രീധന പീഡനങ്ങള്‍ തടയാന്‍ നിയമത്തിന് മാത്രം കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമൂഹത്തിന്റെ ചിന്താഗതി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മകള്‍ക്കുണ്ടായ സ്ത്രീധന പീഡനത്തെ തടര്‍ന്ന് ആത്മഹത്യചെയ്ത മൂസക്കുട്ടിയുടെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെ തുല്യരായി കാണണം. കുറ്റകൃത്യം നടന്നുകഴിഞ്ഞ ശേഷം പ്രതികരിക്കുന്ന രീതി അവസാനിപ്പിക്കണം. സ്ത്രീധനം സ്വീകരിക്കുന്ന പുരുഷന്മാര്‍ സമൂഹത്തിന് നാണക്കേട് ആണെന്നും അദ്ദേഹം സമൂഹത്തെ ഓര്‍മ്മിപ്പിച്ചു.
2020 ജനുവരിയിലാണ് മൂസക്കുട്ടിയുടെ മകളുടെ വിവാഹം നടന്നത്. വിവാഹസമയം 18 പവന്‍ സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് ആറ് പവന്‍കൂടി സ്ത്രീധനമായി നല്‍കി. വീണ്ടും ഭര്‍ത്ത് വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതാണ് മൂസക്കുട്ടിയെ മാനസികമായി തകര്‍ത്തത്.