ഈ മാസം 18 മുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ പൂര്‍ണ്ണതോതില്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മൂലം താറുമാറായ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഈ മാസം 18 മുതല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് വ്യോമയാന മന്ത്രാലയം. കഴിഞ്ഞ വര്‍ഷം മെയില്‍ ആരംഭിച്ച നിയന്ത്രണമാണ് ഇപ്പോള്‍ നീക്കുന്നത്. ഇതുവരെ 85 ശതമാനം യാത്രക്കാരെയാണ് ആഭ്യന്തര സര്‍വ്വീസുകളില്‍ അനുവദിച്ചിരുന്നത്.
അടുത്തമാസം അവസാനത്തോടെ വിന്റര്‍ ഷെഡ്യൂളില്‍ കോവിഡ് നിയന്ത്രണങ്ങളോടെ പരമാവധി സൗകര്യങ്ങള്‍ ഒരുക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. എന്നാല്‍ രണ്ട് മണിക്കൂറില്‍ താഴെയുള്ള യാത്രകളില്‍ ഭക്ഷണം വിതരണം ചെയ്യില്ല. ഭക്ഷണ വിതരണം പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി കാറ്ററിങ് സര്‍വ്വീസ് കമ്പനികളടക്കം നേരത്തെ രംഗത്തെത്തിയിരുന്നു.