കനത്ത മഴ: പകര്‍ച്ചവ്യാധിക്കാലത്ത് അധിക ജാഗ്രത

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കി. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണ് എന്ന് ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ ആവശ്യമെങ്കില്‍ പ്രത്യേക ചികിത്സാ സംവിധാനമൊരുക്കും. മതിയായ മരുന്നുകള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. ക്യാമ്പുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. രോഗലക്ഷണമുള്ളവരെ മാറ്റി പാര്‍പ്പിക്കും. ക്യാമ്പുകളില്‍ ആവശ്യമെങ്കില്‍ ആന്റിജന്‍ പരിശോധന നടത്തും. ഇവ സംബന്ധിച്ച് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി വ്യക്തമാക്കി.

മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ട്. കോവിഡ് കാലത്ത് പകര്‍ച്ചവ്യാധിയുണ്ടാകാതിരിക്കാന്‍ അധിക ജാഗ്രത ആവശ്യമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. മഴക്കാലത്ത് ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ജലജന്യ രോഗങ്ങളായ വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. വേനല്‍ക്കാലത്തും തുടര്‍ന്ന് വരുന്ന മഴക്കാലത്തുമാണ് വയറിളക്ക രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. തിളപ്പിച്ചാറ്റിയതോ ക്ലോറിനേറ്റ് ചെയ്തതോ ആയ വെള്ളം ഉപയോഗിക്കുക എന്നതാണ് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. 90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടില്‍ നല്‍കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങള്‍ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്. ഒ.ആര്‍.എസ്. ലായിനിയും ഏറെ ഫലപ്രദമാണ്. പാനീയ ചികിത്സ കൊണ്ട് ഫലം കിട്ടിയില്ലെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

കൊതുകുകള്‍ പെരുകുന്നതു കാരണം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൊതുക് മുട്ടയിടാതിരിക്കാന്‍ വെള്ളം കെട്ടിനില്‍ക്കാതെ ഒഴുക്കി കളയണം. വീടുകളും സ്ഥാപനങ്ങളും ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം.

മലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. ഇതിനായി ഡോക്‌സി കോര്‍ണറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന സന്നദ്ധ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണ്. എലിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ ഉറപ്പാക്കിയാല്‍ സങ്കീര്‍ണതകളും മരണവും ഒഴിവാക്കാനാകും.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, എല്ലാ ജില്ലകളിലേയും ഡി.എം.ഒ.മാര്‍., ഡി.പി.എം.മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.