മഴക്കെടുതിയില്‍ സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടത് 39 പേര്‍ക്ക് : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരള നിയമസഭ. മഴക്കെടുതിയില്‍ 39 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ദുരിതം അനുഭവിക്കുന്നവരെ സര്‍ക്കാര്‍ കൈവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായി പ്രകൃതി ക്ഷോഭം ഉണ്ടാകുമ്പോഴും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം തേടി മാറ്റങ്ങള്‍ വരുത്തണമെന്നും ദുരന്ത ബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു.
ഇരട്ട ന്യൂനമര്‍ദമാണ് മഴക്കെടുതിയിലേയ്ക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായും വരും ദിവസങ്ങളില്‍ മഴ ശക്തമായേക്കാമെന്ന മുന്നറിയിപ്പും സഭയില്‍ പങ്കുവെച്ചു. ദുരന്ത മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സഭാ സമ്മേളനം 25വരെ നിര്‍ത്തിവെച്ചു.