യു.എ.ഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

അബുദാബി: കോവിഡ് കേസുകള്‍ കുറഞ്ഞുതുടങ്ങിയതോടെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി യു.എ.ഇ. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജുമെന്റ് അഥോറിറ്റി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍വന്നു.
വിവാഹ ചടങ്ങുകളിലും മറ്റ് പരിപാടികള്‍ക്കും പങ്കെടുക്കുന്നതിനുള്ള ആളുകളുടെ എണ്ണം 60 ആക്കി. ഇവരെ കൂടാതെ പരിപാടിയുടെ സംഘാടകരായി 10 പേര്‍ക്കുകൂടി പങ്കെടുക്കാം. പനിയോ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ ഇത്തരം ചടങ്ങുകളില്‍നിന്നും വിട്ടുനില്‍ക്കണം.
ചടങ്ങില്‍ ഒരു ടേബിളില്‍ പരമാവധി 10 പേര്‍ക്ക് മാത്രമാണ് ഇരിക്കാന്‍ അനുമതി. സാമൂഹിക അകലം നിര്‍ബന്ധം. പങ്കെടുക്കുന്ന മുഴുവന്‍ ആളുകളും 14 ദിവസം മുമ്പ് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. പരിപാടിക്ക് 48 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആയിരിക്കണം. ഹസ്തദാനം ഒഴിവാക്കുകയും മുഴുവന്‍ സമയവും മാസ്‌ക് ഉപയോഗിക്കുകയും ചെയ്യണം.