സൈന്യത്തിന് പുതിയ പ്രതിരോധ സമുച്ചയം: ഭാരതം കുതിക്കുന്നു

ഏതൊരു രാജ്യത്തിന്റെയും തലസ്ഥാനം ചിന്തകളുടേയും ഇച്ഛാശക്തിയുടേയും കരുത്തിന്റെയും സംസ്‌ക്കാരത്തിന്റെയും അടയാളങ്ങള്‍ കൂടിയാണ്.എന്നാല്‍ കഴിഞ്ഞ നൂറാണ്ടുകള്‍ക്കിടയില്‍ ജനസംഖ്യയില്‍ അടക്കമുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് തലസ്ഥാന നഗരത്തില്‍ വത്യാസങ്ങളൊന്നും സംഭവിച്ചിരുന്നില്ല എന്നത് നിരാശാജനകമായിരുന്നു.ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച കുതിരാലയങ്ങളില്‍ പോലും സൈനികര്‍ക്ക് ജോലി ചെയ്യേണ്ട അവസ്ഥ ഇത്രവര്‍ഷങ്ങള്‍ക്കിപ്പുറവും ഡല്‍ഹിയിലുണ്ടായിരുന്നു. ഇത്തരം നിരവധി സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ജനസൗഹൃദ തലസ്ഥാന നഗര പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് നീങ്ങിയത്. അതിന്റെ ഭാഗമായി പുതിയ ആധുനിക സംവിധാനങ്ങളോട് കൂടിയ പ്രതിരോധ ഓഫീസ് സമുച്ചയം സൈനികര്‍ക്കും ലഭിച്ചു.മുമ്പ് സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ഓഫീസിന്റെ അഞ്ചിലൊന്ന് സ്ഥലം മാത്രമാണ് പുതിയ ആധുനിക ഓഫീസിന് വേണ്ടിവന്നത് എന്നതും ശ്രദ്ധേയമായി.
”ഡല്‍ഹി ഭാരതത്തിന്റെ തലസ്ഥാനമായിട്ട് നൂറിലേറെ വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ജനസംഖ്യ അടക്കമുള്ള മറ്റു കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ നൂറുവര്‍ഷങ്ങള്‍ക്കിടെ നിരവധി അസന്തുലിതമായ സാഹചര്യങ്ങളാണുണ്ടായിട്ടുള്ളത്.നാം തലസ്ഥാനഗരത്തെപ്പറ്റി പറയുമ്പോള്‍ അതുവെറുമൊരു നഗരം മാത്രമല്ല. തലസ്ഥാനമെന്നത് ചിന്തകളുടേയും ഇച്ഛാശക്തിയുടേയും കരുത്തിന്റെയും സംസ്‌ക്കാരത്തിന്റെയും കേന്ദ്രം കൂടിയാണ്. ജനാധിപത്യത്തിന്റെ മാതാവാണ് ഭാരതം. രാജ്യത്തെ ജനങ്ങളുടെ കേന്ദ്രമായി തലസ്ഥാന നഗരം മാറേണ്ടതുണ്ട്”.
– നരേന്ദ്ര മോദി, പ്രധാനമന്ത്രി
ബ്രിട്ടീഷ് ഭരണകാലത്തെ കുടിലിലും കുതിരാലയത്തിലുമായി ഏഴായിരത്തോളം സൈനികര്‍ ഇത്രകാലവും ജോലി ചെയ്യേണ്ടിവന്നു എന്ന യാഥാര്‍ത്ഥ്യം ആരെയും ആശ്ചര്യഭരിതമാക്കും. ഇത്രയും ദീര്‍ഘമായ കാലം ഇവര്‍ ഇത്തരം സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടിവന്നു എന്നത് ഏറെ ദുഖകരമാണ്. കുതിരാലയങ്ങളെ ഓഫീസാക്കി രൂപമാറ്റം വരുത്തുകയും സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുകയും ചെയ്തു.നല്ലതിനായി മാറ്റങ്ങള്‍ വരുത്തേണ്ട സമയമാണ് ഇത് എന്നതിനാല്‍ തന്നെ അതുസംഭവിച്ചു.അഭിമാനകരമായ സെന്‍ട്രല്‍ വിസ്ത പദ്ധതി ദേശീയ തലസ്ഥാനത്തിന്റെ രൂപമാറ്റത്തിന് വഴിതുറക്കുകയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരവും രാജ്പഥിന്റെ ഇരുവശവും തലസ്ഥാനത്തിന്റെ മുഖമായി മാറും. ഈ പദ്ധതിയുടെ തന്നെ ഭാഗമായാണ് പുതിയ പ്രതിരോധ ആസ്ഥാനം സെപ്റ്റംബര്‍ 16ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ചത്.നയവും ഉദ്ദേശവും ശുദ്ധമാണെങ്കില്‍ എന്തും സാധ്യമാണെന്ന് പ്രതിരോധമന്ത്രാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
സൈന്യത്തിന്റെ ആധുനികവല്‍ക്കരണവും അതിര്‍ത്തികളിലെ അടിസ്ഥാന സൗകര്യവികസനവും മികച്ച ആയുധങ്ങളുടെ ലഭ്യതയും അടക്കം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സൈന്യമായി മാറ്റാനുള്ള നിരവധി നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.മൂന്നു സൈനിക വിഭാഗങ്ങളുടേയും മികച്ച ഏകോപനം സാധ്യമാക്കുന്നതിനായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയും സൃഷ്ടിച്ചു.ഇത്തരം പുതിയ സാഹചര്യങ്ങളില്‍ നൂറ്റാണ്ടുപഴക്കമുള്ള കുതിരാലയങ്ങളിലെ ഓഫീസുകളില്‍ തന്നെ തുടര്‍ന്നും ജോലി സാധ്യമാവില്ല.ആധുനിക സംവിധാനങ്ങള്‍, താമസ ക്രമീകരണങ്ങള്‍,അടുക്കള,ക്യാന്റീന്‍, ആശുപത്രി തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഇരുപത്തിനാലു മണിക്കൂറും രാജ്യം കാക്കുന്ന സൈനികര്‍ക്കായി പുതിയ പ്രതിരോധ സമുച്ചയത്തിലുള്ളത്. 2014ല്‍ അധികാരത്തിലെത്തുമ്പോള്‍ തന്നെ രാജ്യതലസ്ഥാനത്തിന്റെ കെട്ടുംമട്ടും മാറ്റാനുള്ള നടപടികളുമായ പ്രധാനമന്ത്രി മുന്നോട്ട് യാത്ര ആരംഭിച്ചിരുന്നു. നവഭാരതത്തിന്റെ ചരിത്രം വര്‍ണ്ണാഭമായി മാറുക തന്നെ ചെയ്യും.
പുതിയ പ്രതിരോധ സമുച്ചയത്തിലെ സംവിധാനങ്ങള്‍
* സെന്‍ട്രല്‍ വിസ്ത പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചപ്പോഴാണ്,62 ഏക്കര്‍ വിശാലമായ പഴയ കുതിരാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സൈനികാസ്ഥാനത്തെ ആധുനിക സംവിധാനത്തിലേക്ക് മാറ്റണമെന്ന ആശയവും ഉദിക്കുന്നത്.
*ലഫ്.ജനറല്‍ വരെ റാങ്കിലുള്ള 7,000 സൈനികരാണ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നിര്‍മ്മിച്ച പഴയ കുതിരാലയത്തെ രൂപമാറ്റം വരുത്തി തയ്യാറാക്കിയ ഓഫീസിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്നത്.
*എന്നാലിപ്പോള്‍ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗ്ഗിലും ആഫ്രിക്ക അവന്യുവിലുമായി നിര്‍മ്മിച്ച 13 ഏക്കര്‍ പ്രദേശത്തെ ഓഫീസ് സമുച്ചയം 12-13 മാസത്തിനുള്ളിലാണ് പൂര്‍ത്തീകരിച്ചത്.ആധുനിക സാങ്കേതിക വിദ്യയായ ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രേം ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം.
* മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകളുണ്ട്. മഴവെള്ള സംഭരണിയും മാലിന്യ മുക്ത പരിസരവും ആധുനിക പാര്‍ക്കിംഗ് സംവിധാനങ്ങളുമുണ്ട്.
* ആശുപത്രി, ആധുനിക ബാരക്ക്, 24 മണിക്കൂര്‍ റെസ്റ്റോറന്റ്, വെടിക്കോപ്പുകളുടെ ശേഖര കേന്ദ്രം, ഉന്നത സുരക്ഷാ സംവിധാനം, കേന്ദ്രീകൃത നിരീക്ഷണം, മുഖം തിരിച്ചറിയാനുള്ള പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയുണ്ട്.
* ആയിരക്കണക്കിന് വിരമിച്ച സൈനികരാണ് ഇവിടേക്ക് വിവിധ ആവശ്യങ്ങളുമായി എത്തുന്നത്. അവര്‍ക്കാവശ്യമായ സൗകര്യങ്ങളും സമുച്ചയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
* കൊവിഡിന്റെ ദുരന്ത കാലത്ത് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം 6.5 ലക്ഷം തൊഴില്‍ ദിനങ്ങളാണ് നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തിയത്. 8,000 ടണ്‍ സിമന്റും 9,000 ടണ്‍ സ്റ്റീലും ഈ സമുച്ചയ നിര്‍മ്മാണത്തിന് വേണ്ടിവന്നു.
* ഓഫീസ് സമുച്ചയ നിര്‍മ്മാണത്തിനായി ഒരു മരം പോലും മുറിക്കേണ്ടി വന്നില്ല. പരിസ്ഥിതി സൗഹാര്‍ദ്ദ ഓഫീസുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്.