ഡ്രൈവര്‍ മദ്യപിച്ചതിന്റെ പേരില്‍ വാഹനം കസ്റ്റഡിയിലെടുക്കാനാവില്ല

ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിടിയിലാകുന്നയാളുടെ വാഹനം കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് അധികാരമില്ലെന്ന് തെലങ്കാന ഹൈക്കോടതി. വിഷയത്തില്‍ ഒരുകൂട്ടം ആളുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
മദ്യപിച്ച് വാഹനമോടിക്കുന്ന ആളില്‍നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുന്ന വാഹനം മടക്കി കിട്ടുന്നതിന് കാലതാമസമെടുക്കുന്നതായി വ്യാപക പരാതിയാണ് ഉയരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ വാഹനം കസ്റ്റഡിയിലെടുക്കുന്നത് വിലക്കിയ കോടതി, വാഹനത്തില്‍ ഡ്രൈവറിനൊപ്പം മറ്റാരെങ്കിലുമുണ്ടെങ്കില്‍ വാഹനം അയാളെ ഏല്‍പ്പിക്കാമെന്നും വ്യക്തമാക്കി.
ഡ്രൈവര്‍ കസ്റ്റഡിയിലാകുമ്പോള്‍ വാഹനം ഏറ്റെടുക്കുന്നതിന് മറ്റാരം സന്നിഹിതനല്ലെങ്കില്‍ പോലീസിന് വാഹനം സ്‌റ്റേഷനിലേയ്ക്ക് മാറ്റാവുന്നതാണ്. പിന്നീട് ഉടമയോ, ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന മറ്റാരെങ്കിലുമോ ഹാജരാകുന്നമുറയ്ക്ക് വാഹനം മടക്കി നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ജസ്റ്റിസ് കെ. ലക്ഷ്മണനാണ് ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.