ധീരതാ പുരസ്‌കാര ജേതാക്കളെ അടുത്തറിയാന്‍ ‘വീര്‍ഗാഥ’ പദ്ധതി

ന്യൂഡല്‍ഹി: ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ വ്യക്തികളെക്കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് വീര്‍ഗാഥ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. സി.ബി.എസ്.സി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒക്‌ടോബര്‍ 21 മുതല്‍ നവംബര്‍ 20 വരെയാണ് പദ്ധതി നടപ്പിലാക്കിവരുന്നത്. ധീരതയ്ക്കുള്ള പുരസ്‌കാരം നേടിയ രാജ്യത്തെ മഹത് വ്യക്തികളെ അടുത്തറിയുന്ന വിധത്തിലും, അവരിലെ ധീരത വളര്‍ന്നുവരുന്ന പുതിയ സമൂഹത്തിന് പകര്‍ന്നുനല്‍കുന്ന രീതിയിലും പ്രൊജക്ടുകള്‍ തയ്യാറാക്കുന്നതിനുള്ള അവസരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക.
രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ മികവ് തെളിയിച്ചവരുടെ ജീവിതം വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാക്കാന്‍ പ്രചോദനം നല്‍കുന്നതിന് പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. തിരഞ്ഞെടുക്കുന്ന മികച്ച പ്രൊജക്ടുകള്‍ക്ക് 2022 ജനുവരി 26ന് വിദ്യാഭ്യാസ വകുപ്പും പ്രതിരോധ മന്ത്രാലയുവം ദേശിയ തലത്തില്‍ പാരിതോഷികം നല്‍കും.