ഇ ഹെല്‍ത്ത് പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കും: മുഖ്യമന്ത്രി

ഇ ഹെല്‍ത്ത് പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ 50 ആശുപത്രികളില്‍ കൂടി ഇ-ഹെല്‍ത്ത് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെയും,  കെ-ഡിസ്‌കിന്റെ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
707 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം ഉടന്‍ പൂര്‍ണമായി ലഭിക്കും. ബാക്കിയുള്ള 577 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത് സോഫ്റ്റ്വെയര്‍ വികസിപ്പിച്ച് സമ്പൂര്‍ണ ഇ ഹെല്‍ത്ത് പദ്ധതി യാഥാര്‍ത്ഥ്യമാക്കും.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുക എന്നത് ഉത്തരവാദിത്തമായാണ് സര്‍ക്കാര്‍ കാണുന്നത്. ഇതിന്റെ ഭാഗമായാണ് ഇ ഹെല്‍ത്ത് പദ്ധതി വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നൂറു കോടി രൂപയാണ് സര്‍ക്കാര്‍ പദ്ധതിക്കായി ചെലവഴിച്ചത്. ആശുപത്രികളിലെ തിരക്കു കാരണം രോഗികള്‍ക്ക് ചില സമയങ്ങളില്‍ ഡോക്ടറെ കാണാന്‍ ഏറെ നേരം കാത്തു നില്‍ക്കേണ്ടി വരുന്നുണ്ട്. പുലരും മുമ്പ് തന്നെ രോഗികള്‍ വന്ന് ക്യൂ നില്‍ക്കുന്ന സ്ഥിതിയുണ്ട്. ഇത് ഒഴിവാക്കാന്‍ ഫലപ്രദമായ ക്യൂ മാനേജ്മെന്റ് സംവിധാനമാണ് ഇ ഹെല്‍ത്ത് പദ്ധതിയില്‍ നടപ്പാക്കിയത്.
ഇതിലൂടെ ഒ. പിയിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും. ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുമ്പോള്‍ മുന്‍കൂര്‍ ടോക്കണ്‍ ലഭ്യമാക്കാനും കഴിയും. സംസ്ഥാനത്തിന്റെ പ്രത്യേകതയായ മാതൃശിശു സംരക്ഷണം കൂടുതല്‍ കാര്യക്ഷമമായി ഇ ഹെല്‍ത്ത് പദ്ധതിയിലൂടെ നടപ്പാക്കാനാവും. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീടും സന്ദര്‍ശിച്ച് അംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. ഇതിലൂടെ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും മറ്റ് അനാരോഗ്യ സ്വഭാവങ്ങളെക്കുറിച്ചും വ്യക്തമായ രൂപരേഖ ലഭിക്കും. ഇതിലൂടെ രോഗങ്ങള്‍ക്ക് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധിക്കും. ഭാവിയില്‍ സമൂഹത്തില്‍ ഉണ്ടായേക്കാവുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇത് സഹായിക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇ ഹെല്‍ത്ത് പദ്ധതിയിലൂടെ സംസ്ഥാനത്തെ ഓരോ പൗരനും ഇലക്ട്രോണിക് ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏതു സര്‍ക്കാര്‍ ആശുപത്രിയിലും ഒരു വ്യക്തിയുടെ ചികിത്സാ രേഖ ഇതിലൂടെ ലഭ്യമാകും.
ഡയബറ്റിക് റെറ്റിനോപതി, ബ്ളഡ്ബാങ്ക് ട്രെയിസബിലിറ്റിയും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങളും, ബ്ളോക്ക് ചെയിന്‍ അധിഷ്ഠിത വാക്സിന്‍ കവറേജ് അനാലിസിസ് സിസ്റ്റം തുടങ്ങിയ പദ്ധതികള്‍ എമര്‍ജിങ് ടെക്നോളജി പ്രോജക്ടിലൂടെ കെഡിസ്‌ക്കിന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കുകയാണ്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് റെറ്റിനല്‍ ഇമേജിന്റെ നിലവാരം അളക്കുന്ന പദ്ധതിയാണ് ഡയബറ്റിക് റെറ്റിനോപതി.  തിരുവനന്തപുരം ജില്ലയിലെ 16 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ അധിഷ്ഠിത റെറ്റിന ഇമേജിംഗ് സംവിധാനമാണ് ഈ പദ്ധതിയില്‍ ഉപയോഗിക്കുന്നത്. ബ്ലഡ് ബാങ്ക് ട്രെയ്‌സിബിലിറ്റിയും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങളും പദ്ധതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് നടപ്പാക്കുന്നത്. തിരുവനന്തപുരം ജില്ലാ സ്റ്റോറിലും കടകംപള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും വാക്സിന്‍ കവറേജ് അനാലിസിസ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.