പാലക്കാട്: ആര്.എസ്.എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതിയെ കൃത്യം നടന്ന സ്ഥലത്തും കേസുമായി ബന്ധപ്പെട്ട മറ്റ് ഇടങ്ങളിലും തെളിവെടുപ്പിന് എത്തിച്ച് പോലീസ്. ഇന്നലെ അറസ്റ്റിലായ, പ്രതികള്‍ സഞ്ചരിച്ച വാഹനം ഓടിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവിനെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
കൊലപാതകം നടന്ന മമ്പറത്തും, പ്രതികള്‍ വാഹനത്തില്‍ ഒന്നിച്ചുകയറിയ തത്തമംഗലം ഗ്രൗണ്ടിലും ആയുധങ്ങള്‍ ഉപേക്ഷിച്ച കണ്ണൂരിലുമാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കൃത്യം നടത്തിയ രീതിയടക്കം നിര്‍ണ്ണായക വിവരങ്ങള്‍ പ്രതി പോലീസിന് വിശദീകരിച്ചുനല്കി.
ബൈക്കില്‍നിന്ന് വീണ രഞ്ജിത്തിനെ തടഞ്ഞുനിര്‍ത്തി വെട്ടിയതായും, രക്ഷപ്പെടാന്‍ രഞ്ജിത്ത് രണ്ട് മീറ്ററോളം ഓടിയതായും പ്രതി പോലീസിന് മൊഴിനല്‍കി. പ്രതിയെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കേണ്ടതുണ്ടെന്നും ആയതിനാല്‍ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.