ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തുടരണം: ലക്‌നൗവില്‍ നേതാക്കളുടെ കൂടിക്കാഴ്ച

ലക്‌നൗ: 2022 ഉത്തര്‍ പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരഞ്ഞെടുപ്പ് സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബി.ജെ.പി ദേശിയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ തിരഞ്ഞെടുപ്പിലെ ജയസാധ്യതകളും വെല്ലുവിളികളും ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്.
ബി.ജെ.പി ദേശിയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ അധ്യക്ഷതയില്‍ ബി.ജെ.പി സംസ്ഥാന കാര്യാലയത്തിലാണ് കൂടിക്കാഴ്ച നടന്നത്. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് ചുമതലയുള്ള ബി.ജെ.പി നേതാവ് ധര്‍മ്മേന്ദ്ര പ്രധാന്‍, ഡെപ്യൂട്ടി സി.എമ്മുകളായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ്മ, പാര്‍ട്ടി ദേശിയ വൈസ് പ്രസിഡന്റ് രാധാ മോഹന്‍ സിങ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.