കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം. നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കി. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു.
അതേസമയം, താങ്ങ് വില സംബന്ധിച്ച ഉറപ്പ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 60 ട്രാക്ടറുകളെ നിരത്തി നവംബര്‍ 29ന് പാര്‍ലമെന്റിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ തുറന്നുകൊടുക്കുന്ന റോഡിലൂടെയായിരിക്കും റാലി. വാഹനങ്ങള്‍ തടയില്ലെന്നും, പൊതുഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ ആയിരിക്കും റാലിയെന്നും യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.