ന്യൂഡല്‍ഹി: കോവിഡ് -19 വേരിയന്റായ ഒമിക്രേണിന്റെ വ്യാപന ഭീഷണി നിലനില്‍ക്കെ ഡിസംബര്‍ 15 മുതല്‍ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുന:രാരംഭിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നുമുതല്‍ പുന:രാരംഭിക്കണം എന്നതില്‍ പിന്നീട് തീരുമാനമെടുക്കും.
രാജ്യം കോവിഡ് ഭീതിയില്‍നിന്ന് മുക്തമാകുന്ന സൂചനകള്‍ക്ക് പിന്നാലെയാണ് ഒമിക്രോണ്‍ വകഭേതത്തിന്റെ ഭീഷണി തെളിഞ്ഞത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് പിന്നീട് സൗദിയില്‍ സ്ഥിരീകരിച്ചതോടെ ലോകരാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ യു.കെയില്‍നിന്നും എത്തിയ നാലുപേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരിലുള്ളത് ഒമിക്രോണ്‍ വകഭേതമാണോ എന്ന പരിശോധന നടത്താനാണ് കേന്ദ്ര നീക്കം.