തിരുവനന്തപുരം: സര്‍ക്കാര്‍ സഹായത്തോടെ പട്ടികജാതി വിഭാഗത്തിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍നിന്ന് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കി. വയനാട് സ്വദേശി ശരണ്യ, കണ്ണൂര്‍ സ്വദേശി സങ്കീര്‍ത്തന, കോഴിക്കോട് സ്വദേശി വിഷ്ണു പ്രസാദ്, ആലപ്പുഴ സ്വദേശി ആദിത്യന്‍, തിരുവനന്തപുരം സ്വദേശി രാഹുല്‍ എന്നിവരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
വിദ്യാര്‍ത്ഥികള്‍ മന്ത്രി കെ. രാധാകൃഷ്ണനെ ഓഫീസിലെത്തി സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണം ചുവടെ: അതിരില്ലാത്ത ആകാശത്തിലേക്ക് പറക്കുന്ന സന്തോഷത്തിലാണിതെഴുതുന്നത്.പട്ടിക വിഭാഗത്തില്‍പ്പെട്ട 5 കുട്ടികള്‍ നമ്മുടെ സര്‍ക്കാരിന്റെ സഹായത്തോടെ ചിറക് വിരിക്കുന്നു. ഒരു കാലത്ത് വിദ്യാഭ്യാസമെന്ന വാക്കുപോലും ഉച്ചരിക്കാന്‍ അനുവാദമില്ലാതിരുന്ന ഒരു വിഭാഗത്തിന്റെ പുതു തലമുറയാണ് ഈ ലക്ഷ്യത്തിലേക്ക് പറന്നത്. അവര്‍ അഞ്ചു പേരും ഇന്നലെ എന്റെ ഓഫീസിലെത്തി. നന്ദി പറയാന്‍ … അതല്ല… കൂടുതല്‍ കുട്ടികള്‍ക്ക് ഈ സൗകര്യം കിട്ടാന്‍ ശ്രമിക്കുക…. അതാണ് ആത്മാര്‍ത്ഥമായ നന്ദി…
വയനാട് നിന്നുള്ള ശരണ്യ, കണ്ണൂരുകാരി സങ്കീര്‍ത്തന, കോഴിക്കോടുകാരന്‍ വിഷ്ണു പ്രസാദ്, ആലപ്പുഴ സ്വദേശി ആദിത്യന്‍, തിരുവനന്തപുരം സ്വദേശി രാഹുല്‍ എന്നിവരാണ് ചിറകുള്ള ആ ചങ്ങാതിമാര്‍. തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ പ്രവേശനം ലഭിച്ച ഇവരുടെ ഫീസ്, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ചെലവുകള്‍ക്കായി 23 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ പട്ടികജാതി വികസന വകുപ്പ് നല്‍കി..
വരും വര്‍ഷങ്ങളിലും ഇവിടെ പ്രവേശനം നേടുന്ന പട്ടിക വിഭാഗത്തില്‍പ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ് .’ വിങ്ങ്‌സ് ‘എന്നു പേരിട്ട് ഒരു പദ്ധതി തന്നെ ആവിഷ്‌ക്കരിച്ചു… കൂടുതല്‍ ചിറകുകള്‍ വാനില്‍ പറക്കട്ടെ… കൂടുതല്‍ പുഞ്ചിരി ചുണ്ടുകളില്‍ വിരിയട്ടെ…
ഈ അഞ്ചു വൈമാനികര്‍ക്കും ഒരു സ്‌നേഹ സല്യൂട്ട്.