മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറഞ്ഞു: തമിഴ്‌നാടിന് എതിരെ പ്രതിഷേധം

മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് കുറഞ്ഞു. ഇതിനെ തുടര്‍ന്ന് സ്പില്‍വേയിലെ ഷട്ടറുകള്‍ ഒരെണ്ണം ഒഴികെ എല്ലാം അടച്ചു. ഡാമിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. നിലവില്‍ 141.85 അടിയാണ് ഡാമിലെ ജലനിരപ്പ്.
അതേസമയം, രാത്രിയില്‍ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്ന തമിഴ്‌നാടിന്റെ നടപടികള്‍ക്ക് എതിരെ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസം 10 ഷട്ടറുകളാണ് തമിഴ്‌നാട് ഇത്തരത്തില്‍ തുറന്നത്. ഇതിനെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ വെള്ളം കയറിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. തമിഴ്‌നാടിന്റെ ഈ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.