വാക്‌സിന്‍ എടുക്കാത്ത അധ്യാപക അനധ്യാപകര്‍ 1707: വീട്ടിലിരുന്നോളാന്‍ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. അധ്യാപകരും അനധ്യാപകരുമായി 1707പേര്‍ വാക്‌സിന്‍ എടുക്കാനുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകളില്‍ വ്യക്തമാക്കുന്നു. മുമ്പ് അയ്യായിരത്തിന് അടുത്ത് അധ്യാപകര്‍ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചെങ്കിലും സമ്മര്‍ദംമൂലം പലരും പിന്നീട് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.
കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരോട് കാരണം ചോദിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നമുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എല്ലാ ആഴ്ചയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ തയ്യാറുള്ള അധ്യാപകര്‍ക്കും ജോലിക്കെത്താം. ഒട്ടും സഹകരിക്കാത്ത അധ്യാപകര്‍ക്ക് ശൂന്യവേതന അവധിയില്‍ പ്രവേശിക്കാം. അധ്യാപകരുടെ സമീപനം പരിശോധിച്ചശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചുവരുകയാണ്.