ആസ്ത്മ എന്ന രോഗം നമുക്ക് പരിചിതമാണെങ്കിലും ‘ആസ്ത്മ അറ്റാക്ക്’ പലര്‍ക്കും അപരിചിതമാണ്. പേരു സൂചിപ്പിക്കുംപോലെ ഹാര്‍ട്ട് അറ്റാക്കുപോലെ പെട്ടെന്നുണ്ടാകുന്ന രോഗാവസ്ഥയാണ് ആസ്ത്മ അറ്റാക്ക്.
ആസ്ത്മ രോഗികളില്‍ അലര്‍ജിക്ക് ഇടയാക്കുന്ന പദാര്‍ത്ഥങ്ങള്‍ ശ്വാസകോശത്തിലേയ്ക്ക് കടക്കുമ്പോള്‍ വായു കടന്നുപോകുന്ന ട്യൂബുകള്‍ സമ്മര്‍ദത്തിലാകുന്നു. ഇതോടെ ശ്വസന പ്രക്രീയ തടസ്സപ്പെടുകയും, തുടര്‍ന്നുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നവുമാണ് ആസ്ത്മ അറ്റാക്ക്.
നെഞ്ചില്‍ അസ്സഹനീയമായ മുറുക്കം, അസ്വസ്ഥത, ശ്വാസമെടുക്കാന്‍ പ്രയാസം, നെഞ്ചിനകത്ത് അതിയായ സമ്മര്‍ദ്ദം, ശ്വാസം പുറത്തുവിടുമ്പോള്‍ ശബ്ദം, നിര്‍ത്താതെയുള്ള ചുമ തുടങ്ങിയവയെല്ലാ ആസ്ത്മ അറ്റാക്കിന്റെ ലക്ഷണങ്ങളാണ്.
ആസ്ത്മ ഉള്ള എല്ലാവരിലും ഈ അവസ്ഥ ഉണ്ടാവാറില്ലെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ രോഗം ഗുരുതരമായി ബാധിച്ചവരില്‍ ആസ്ത്മ അറ്റാക്കിനുള്ള സാധ്യത വളരെ കൂടുതലുമാണ്. രോഗം സാരമായി ബാധിച്ചവരില്‍ ആസ്ത്മ അറ്റാക്ക് ഉണ്ടായാല്‍ നെബുലൈസര്‍, ഇന്‍ഹെയ്‌ലര്‍ തുടങ്ങിയവ ഉപയോഗിച്ച് വീട്ടില്‍വെച്ചുതന്നെ രോഗാവസ്ഥയെ നേരിടാം. എന്നാല്‍ കടുത്ത രോഗബാധയുള്ള ആള്‍ക്കാണ് ആസ്ത്മ അറ്റാക്ക് ഉണ്ടാകുന്നതെങ്കില്‍ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സാ സഹായം തേടുക.