പത്തില്‍ എട്ട് സാമ്പിളുകളും ഒമിക്രോണ്‍ നെഗറ്റീവ്: കേരളത്തിന് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസമേകി, ജനിതക പരിശോധനയ്ക്കയച്ചതില്‍ എട്ട് ഒമിക്രോണ്‍ സാമ്പിളുകള്‍ നെഗറ്റീവ്. കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളില്‍നിന്നും പരിശോധിച്ച സാമ്പിളുകളാണ് നെഗറ്റീവാണെന്ന് തെളിഞ്ഞത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്.
പരിശോധനയ്ക്ക് അയച്ച പത്ത് സാമ്പിളുകളില്‍ എട്ടെണ്ണത്തിന്റെ പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. രണ്ട് സാമ്പിളുകളുടെ ഫലങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്.
ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് വന്ന, കോവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് പോസിറ്റീവ് ആയ ആളുകളുടെ സാമ്പിളുകളാണ് പരിശോധിച്ചുവരുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ലാബിലാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്.