തുല്യത പഠിതാക്കള്‍ക്ക് ധനസഹായം നല്‍കും

വയനാട്: പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷ വിജയിച്ച മുഴുവന്‍ പട്ടിക വര്‍ഗ്ഗ പഠിതാക്കള്‍ക്കും  പ്രോത്സാഹന ധനസഹായം നല്‍കുമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പത്താം തരം വിജയികള്‍ക്ക് 3000 രൂപയും ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷാ വിജയികള്‍ക്ക് 5000 രൂപയുമാണ് പ്രോത്സാഹന ധനസഹായമായി നല്‍കുക. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നവ സാക്ഷരര്‍ക്കും ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാ ത്തവര്‍ക്കും തുടര്‍ പഠനം സാധ്യമാക്കാന്‍  സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യത കോഴ്‌സുകള്‍ക്ക് കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു.
ആദിവാസി വിഭാഗത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് വിദ്യാഭ്യാസം ഏറെ പ്രധാനപ്പെ ട്ടതാണ്. ആധുനിക വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി മുഴുവന്‍ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ 37221 പേര്‍ക്ക് ഇത്തരത്തില്‍  ലാപ്‌ടോപ്പുകള്‍ നല്‍കി. അവശേഷിക്കുന്നവര്‍ക്കും ഉടന്‍ ലഭ്യമാക്കും. കണക്റ്റിവിറ്റി പ്രശ്‌നങ്ങളടക്കം മറികടന്നാണ് ഇവര്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം സാധ്യമാക്കുകയെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു.  സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല മുഖ്യ പ്രഭാഷണം നടത്തി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.