ഡല്‍റ്റയേക്കാള്‍ വ്യാപന ശേഷി: ഒമിക്രോണ്‍ വാക്‌സിന്റെ ഫലം കുറയ്ക്കുന്നതായി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കോവിഡ് വകഭേതമായ ഒമിക്രോണ്‍, കോവിഡ് വാക്‌സിന്റെ ഫലം കുറയ്ക്കുന്നതായി ലോകാരോഗ്യ സംഘടന. എന്നാല്‍ ഒമിക്രോണ്‍ ഗുരുതര രോഗ ലക്ഷണങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വാര്‍ത്താ സമ്മേളനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍.
കോവിഡ് ഡെല്‍റ്റാ വകഭേതത്തേക്കാള്‍ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കിയത് ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദമായ ഡെല്‍റ്റയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
അതേസമയം, ഡിസംബര്‍ ഒമ്പതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രഭവകേന്ദ്രമായ ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേതം അതിവേഗം പടരുകയാണ്. ബ്രിട്ടനില്‍ കൂടുതലായി വ്യാപിച്ചുകൊണ്ടിരിക്കുന്നത് ഡെല്‍റ്റാ വകഭേതമാണെന്നും, സാമൂഹിക വ്യാപനം നടക്കുന്ന ഇടങ്ങളില്‍ ഒമിക്രോണ്‍ ഡെല്‍റ്റയെ കവച്ചുവയ്ക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പുനല്‍കുന്നു.