കുഞ്ഞുങ്ങള്‍ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആധുനിക ദന്ത ചികിത്സ

കോട്ടയം: കുഞ്ഞുങ്ങള്‍ക്ക് അനസ്തേഷ്യ നല്‍കി മയക്കി ദന്ത വദന ചികിത്സ നടത്തുന്ന  കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ ആദ്യ കേന്ദ്രം  കോട്ടയം ഗവണ്‍മെന്റ് ദന്തല്‍ കോളേജില്‍  പ്രവര്‍ത്തനമാരംഭിച്ചു.  കുട്ടികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ചികിത്സാ  പദ്ധതികളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക്  സമഗ്രമായ അറിവുണ്ടായിരിക്കണമെന്നും അവ  പരമാവധി പ്രയോജനപ്പെടുത്തണമെന്നും കേന്ദ്രത്തിന്റെ  പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഇതിനായുള്ള  ബോധവത്ക്കരണംവിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ  എളുപ്പത്തില്‍ നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അപകടങ്ങള്‍ മൂലം സംഭവിക്കുന്ന ദന്തക്ഷതങ്ങള്‍ക്കുള്ള പ്രാഥമിക ശുശ്രൂഷകളെക്കുറിച്ച് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ബോധവത്കരിക്കുന്നതിനായി നടപ്പാക്കുന്ന പുനര്‍ജനി പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പദ്ധതിക്കായി തയ്യാറാക്കിയ ഹാന്‍ഡ് ബുക്ക് ചടങ്ങില്‍ പ്രകാശനം ചെയ്തു. തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍  സാബു മാത്യു, കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി ജയകുമാര്‍ , കോട്ടയം ഗവണ്‍മെന്റ് ദന്തല്‍  കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ജോര്‍ജ് വര്‍ഗീസ്, ഗവണ്‍മെന്റ് നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍  ഡോ. വി.കെ. ഉഷ, കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാര്‍,   അനസ്തേഷ്യ വിഭാഗം മേധാവി ഡോ.ഷീല വര്‍ഗീസ്, ദന്തല്‍ കോളേജ് പ്രിന്‍സിപ്പല്‍ വി. ടി.ബീന, ശിശു ദന്തചികിത്സാ വിഭാഗം മേധാവി ഡോ.ടി.വി അനുപം കുമാര്‍ ,പി.ടി എ  വൈസ് പ്രസിഡന്റ് ഇ എന്‍ സതീഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.