തിരുവനന്തപുരം: പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകരെ സഹായിക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ സഹായഹസ്തങ്ങള്‍ എന്നുമുണ്ടാകുമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സാധാരണക്കാര്‍ക്കു തൊഴിലും വരുമാനവും സൃഷ്ടിക്കുക എന്ന പരമപ്രധാന ദൗത്യം നിര്‍വഹിക്കാന്‍ പുതുസംരംഭങ്ങള്‍ കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍(കെ.എഫ്.സി) നിലവില്‍ 4,500 കോടി രൂപയോളം വായ്പ നല്‍കിയിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇത് 10,000 കോടി രൂപയിലേക്കെത്തിക്കുക എന്നതാണു ലക്ഷ്യം. ജനസൗഹാര്‍ദമായി ഈ ദൗത്യം നിര്‍വഹിക്കാന്‍ കെ.എഫ്.സിക്കു കഴിയണം. ഇതിനായി കൂടുതല്‍ നൂതന പദ്ധതികള്‍ കെ.എഫ്.സി. ആവിഷ്‌കരിക്കണം. കാര്‍ഷികോത്പാദന രംഗത്തും നിര്‍മാണ മേഖലയ്ക്കും ആവശ്യമായ സൂക്ഷ്മചെറുകിട യന്ത്രങ്ങള്‍ നിര്‍മിക്കുന്ന വ്യവസായത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടുവരണം. ഇത്തരം വ്യവസായങ്ങളെ വികസിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കു കുറഞ്ഞ പലിശ നിരക്കിലും ലളിത വ്യവസ്ഥയിലും വായ്പ ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണു മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം പതിപ്പ് ആരംഭിച്ചിരിക്കുന്നത്. ഇതു പ്രകാരം സംരംഭകര്‍ക്ക് ഒരു കോടി രൂപ വരെ അഞ്ചു ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കും. മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കെ.എഫ്.സി. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സഞ്ജയ് കൗള്‍, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.എഫ്.സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പ്രേംനാഥ് രവീന്ദ്രനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.