ഭിന്നശേഷിക്കാര്‍ക്ക് തെറാപ്പി സേവനങ്ങള്‍ വീട്ടു പടിയ്ക്കല്‍ എത്തിക്കാന്‍ റീഹാബ് എക്‌സ്പ്രസ് പദ്ധതി

തിരുവനന്തപുരം: രാജ്യത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ റീഹാബ് എക്‌സ്പ്രസ് പദ്ധതിക്ക് തുടക്കമായി. കല്ലേറ്റുംകര നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റീഹാബിലിറ്റേഷനും (നിപ്മര്‍) സാമൂഹിക സുരക്ഷ മിഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലെ മൊബൈല്‍ ഇന്റെര്‍വെന്‍ഷന്‍ യൂണിറ്റുകളില്‍ ഇല്ലാത്ത, ഇന്‍ബില്‍റ്റായ തെറാപ്പി സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വിപുലമായ യൂണിറ്റാണ് റിഹാബ് എക്‌സ്പ്രസ്സ്.

ലോഫ്‌ലോര്‍ ബസ് രൂപമാറ്റം വരുത്തി ഭിന്നശേഷിസൗഹൃദമാക്കി, ആവശ്യമായ ചികിത്സാസൗകര്യങ്ങള്‍ സജ്ജമാക്കുന്നതാണ് പദ്ധതി. ഫിസിയോ തെറപ്പി, ഒക്യുപേഷനല്‍ തെറപ്പി, സ്പീച്ച് തെറപ്പി, പ്രോസ്‌തെറ്റിക് അസസ്‌മെന്റ് ഉള്‍പ്പടെയുള്ള ചികിത്സ സേവനങ്ങളാണ് റിഹാബ് എക്‌സ്പ്രസിലുള്ളത്. ഡോക്ടര്‍മാരും വിവിധ തെറപ്പിസ്റ്റുകളും അടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ സേവനവും ഉണ്ടായിരിക്കും. തെറാപ്പി സൗകര്യമില്ലാത്ത മേഖലകളിലാണു റിഹാബ് എക്‌സ്പ്രസ് ക്യാംപ് ചെയ്യുക.

പുനരധിവാസമേഖലയിലെ മികച്ച സ്ഥാപനമായ ‘നിപ്മര്‍’, കേരള സാമൂഹ്യ സുരക്ഷ മിഷനുമായി കൈകോര്‍ത്താണ് പുനരധിവാസ ചികിത്സാ സൗകര്യം പ്രാദേശിക തലങ്ങളിലേക്ക് എത്തിക്കാന്‍ പോകുന്നത്. വിവിധ പ്രദേശങ്ങളില്‍ ക്യാംപുകള്‍ നടത്തി, പ്രാദേശികമായ ഈ അപര്യാപ്തത മറികടക്കാന്‍ ‘റിഹാബ് എക്‌സ്പ്രസ്സ്’ വഴിയൊരുക്കും.