തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന ‘വയോമധുരം’ പദ്ധതിയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. തിരുവനന്തപുരം ജില്ലക്കാരായ അപേക്ഷകര്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം 695021 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷകള്‍ നല്‍കാം.
അപേക്ഷകള്‍ sjd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വയോമധുരം പദ്ധതിയില്‍ ഉള്‍പ്പെട്ട് ഗ്ലൂക്കോമീറ്റര്‍ ലഭിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളതല്ല. അപേക്ഷകര്‍ പ്രായം തെളിയിക്കുന്നതിനു സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡ് പകര്‍പ്പ്, മുന്‍ഗണന വിഭാഗത്തില്‍പ്പെടുന്നതായി തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകള്‍, പ്രമേഹ രോഗിയാണെന്നുള്ള സര്‍ക്കാര്‍/ NRHM ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ഡോക്ടറുടെ സാക്ഷ്യപത്രത്തില്‍ എത്രകാലമായി പ്രമേഹത്തിന് ചികിത്സയിലാണ് എന്നും വ്യക്തമാക്കണം. അപേക്ഷകള്‍ 2022 ജനുവരി 10ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2343241 എന്ന നമ്പറില്‍ ബന്ധപ്പെടാം.