കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് പുനരധിവാസ പദ്ധതിയൊരുക്കി സര്‍ക്കാര്‍

കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് മികച്ച പുനരധിവാസ പദ്ധതിയൊരുക്കി കേരള സര്‍ക്കാര്‍. മാവോയിസ്റ്റ് സംഘത്തില്‍ ചേരുകയും പിന്നീട് വിട്ടുപോരാനാകാത്ത വിധം കുടുങ്ങുകയും ചെയ്ത യുവാക്കളെ രക്ഷിക്കുക എന്നതുകൂടി ലക്ഷ്യമിട്ടാണ് പുനരധിവാസ പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ കീഴടങ്ങുന്നവര്‍ക്ക് മികച്ച തൊഴിലും ജീവിത സാഹചര്യവുമൊരുക്കി പിന്നീട് മാവോയിസ്റ്റ് സംഘങ്ങളിലേക്ക് മടങ്ങുന്നില്ലെന്നും പദ്ധതി ഉറപ്പാക്കും.

കര്‍ണാടകയിലെ വിരാജ്പേട്ട് ഇന്ദിര നഗര്‍ ബെട്ടോളി ആര്‍.ജി വില്ലേജില്‍ ലിജേഷ് എന്ന രാമു (37) നേരത്തെ വയനാട് ജില്ലാ പോലീസ് മേധാവി മുമ്പാകെ കീഴടങ്ങിയിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാമുവിന് പുനരധിവാസ പാക്കേജ് പ്രകാരം 4.44 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ചു. എറണാകുളം ജില്ലയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും തുടര്‍ പഛനത്തിന് പ്രതിവര്‍ഷം 15,000 രൂപയും രാമുവിന് ലഭിക്കും.സര്‍ക്കാര്‍ ഐ.ടി.ഐ കളോ സമാന സ്ഥാപനങ്ങളോ മുഖേന നൈപുണ്യ വികസന പരിശീലനം ലഭ്യമാക്കാനും നിശ്ചയിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ മികച്ച പാക്കേജ് ഉറപ്പാക്കുന്നതിലൂടെ കൂടുതല്‍ പേര്‍ കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.