ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചു പഠിക്കാന്‍ തവനൂരിലും കുന്നന്താനത്തും കേന്ദ്രങ്ങള്‍: കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ ജോലി

ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സെന്റര്‍ ഓഫ് എക്സലന്‍സ് തവനൂരും കുന്നന്താനത്തും ആരംഭിക്കുന്നു. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരളയും ഇംപീരിയല്‍ സൊസൈറ്റി ഓഫ് ഇന്നൊവേറ്റീവ് എന്‍ജിനിയേഴ്‌സും (ഐ.എസ്.ഐ.ഇ ഇന്ത്യ) സംയുക്തമായാണ് ഈ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. മലപ്പുറം ജില്ലയിലെ തവനൂരും പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്തുമുള്ള അസാപ് കേരളയുടെ രണ്ട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലാണ് ഇലക്ട്രിക് വെഹിക്കിള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സജ്ജീകരിക്കുക. എം.ജി മോട്ടോഴ്‌സ്, ഹീറോ ഇലക്ട്രിക്, ഒലെക്ട്രാ ഗ്രീന്‍ ടെക് എന്നിവയുടെ സഹകരണവുമുണ്ട്.

ഈ മികവിന്റെ കേന്ദ്രങ്ങള്‍ ഹൈബ്രിഡ്, ഇലക്ട്രിക് വാഹന മേഖലയില്‍ വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ പങ്കാളിത്തം സുഗമമാകുന്നതിനായുള്ള രാജ്യത്തെ തന്നെ ആദ്യ സംരംഭമാണ്. കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഐ.എസ്.ഐ.ഇ ഇന്ത്യയുമായി അസാപ് കേരള ധാരണാപത്രം ഒപ്പുവച്ചു.

സാങ്കേതിക ഡിപ്ലോമ, എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് പരിശീലനം ലഭിക്കുക. പരിശീലനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയും ഉറപ്പ് നല്‍കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ പ്രവര്‍ത്തനം, നിര്‍മാണം, ഡിസൈന്‍ തുടങ്ങിയവയില്‍ മികച്ച അറിവ് പ്രദാനം ചെയ്യുന്ന കോഴ്‌സുകളാണ് കേന്ദ്രങ്ങളില്‍ പഠിപ്പിക്കുക. പട്ടികജാതി വികസന വകുപ്പാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായം നല്‍കുന്നത്. പട്ടികജാതി വിദ്യാര്‍ഥികളുടെ പരിശീലനത്തിന് ആവശ്യമായ ധനസഹായവും വകുപ്പ് നല്‍കും.

ഇലക്ട്രിക് വെഹിക്കിള്‍ പവര്‍ട്രെയിന്‍ സര്‍ട്ടിഫൈഡ് ഡിപ്ലോമ, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് എനര്‍ജി സ്റ്റോറേജ്, സര്‍ട്ടിഫൈഡ് ഡിപ്ലോമ ഇന്‍ ഇലക്ട്രിക് വെഹിക്കിള്‍ ഡിസൈന്‍ സിമുലേഷന്‍ ആന്‍ഡ് കമ്പോാണന്റ് സെലക്ഷന്‍, എക്‌സിക്യൂട്ടീവ് പിജി ഇന്‍ ഇലക്ട്രിക് വെഹിക്കിള്‍ എന്‍ജിനിയറിങ് തുടങ്ങിയ കോഴ്‌സുകള്‍ ആദ്യ ഘട്ടത്തില്‍ നല്‍കും. ഐ.എസ്.ഐ.ഇ യിലെ വിദഗ്ധരാണ് പരിശീലനം നല്‍കുക. എസ്.എം.ഇ.വി (സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്സ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിള്‍സ്), എ.എസ്.ഡി.സി (ഓട്ടോമോട്ടീവ് സ്‌കില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍) എന്നിവയാണ് സര്‍ട്ടിഫിക്കേഷനും മൂല്യനിര്‍ണ്ണയവും നടത്തുക.