പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്ത് സന്ദര്‍ശിക്കും. ഗാന്ധിനഗര്‍, ബെനസ്കന്ത തുടങ്ങി നാലോളം സ്ഥലങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസും പ്രധാനമന്ത്രിയെ അനുഗമിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി നിരവധി വികസന പരിപാടികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും.
ഗുജറാത്തിലെ വിദ്യാ സമീക്ഷ കേന്ദ്രം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുമായി സംവദിക്കും. കൃഷി, മൃഗ സംരക്ഷണം, വിവിധ ഉല്പന്നങ്ങളുടെ സംസ്കരണ പ്ലാന്റുകള്‍ തുടങ്ങിയ മേഖലകളുടെ നിര്‍മ്മാണ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കും. 600 കോടി രൂപ മുതല്‍ മുടക്കിലാണ് ഇവയുടെ നിര്‍മ്മാണം. കര്‍ഷകര്‍ക്ക് ശാസ്ത്രീയ വിദ്യാഭ്യാസം നല്‍കുന്നതിനായി പ്രവര്‍ത്തനമാരംഭിക്കുന്ന ബനാസ് കമ്മ്യൂണിറ്റി റേഡിയോയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. 1700 ഗ്രാമങ്ങളിലെ അഞ്ച് ലക്ഷത്തോളംവരുന്ന കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് റേഡിയോ സ്റ്റേഷന്റെ പ്രവര്‍ത്തനം.