ഭീകരവാദ സംഘടനകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ താക്കീത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ഭീകരവാദം എന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഭീകരവാദം ബി.ജെ.പി സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും ഓര്‍മ്മിപ്പിച്ചു. സഹിഷ്ണുതയാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍, ഭീകരവാദികളോട് ഒരു ഒരുതരത്തിലും സഹിഷ്ണുത കാട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ എന്‍ഐഎ സ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നയമാണ് സ്വീകരിക്കുന്നത്. ഈ വിപത്തിനെ ഇന്ത്യയില്‍ നിന്നു വേരോടെ പിഴുതെറിയാന്‍ ശ്രമിക്കുകയാണെന്നും ജമ്മു കശ്മീരില്‍ തീവ്രവാദ ഫണ്ടിംഗിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തീവ്രവാദത്തെ തടയാന്‍ ഏറെ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ചില മനുഷ്യാവകാശ ഗ്രൂപ്പുകള്‍ തലപൊക്കാറുണ്ട്. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും വലിയ കാരണം ഭീകരതയാണെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.