ദേശിയതയുടെ പ്രതീകമായ സ്വാതന്ത്ര്യസമര സേനാനി: സവര്‍കറെ അനുസ്മരിച്ച് രാജ്യം

ന്യൂഡല്‍ഹി: വി.ഡി സവര്‍ക്കറുടെ 139ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് അനുസ്മരണ യോഗങ്ങള്‍ സംഘടിപ്പിച്ച് ബി.ജെ.പി. ബിജെപിയുടെ ഉന്നതനേതാക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സവര്‍ക്കറെ അനുസ്മരിച്ചു.

ഭാരതമാതാവിന്റെ കഠിനാധ്വാനിയായ മകന്, വീരസവര്‍ക്കര്‍ക്ക് ആദരാഞ്ജലികള്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. ‘ദേശീയതയുടെ പ്രതീകമായ സ്വാതന്ത്ര്യസമര സേനാനി വീര സവര്‍ക്കര്‍ക്ക് ജന്മവാര്‍ഷിക ദിനത്തില്‍ എന്റെ അഭിവാദ്യങ്ങള്‍. ഒരാള്‍ക്ക് രാജ്യത്തിനുവേണ്ടി എങ്ങനെ ജീവിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് സവര്‍ക്കറുടെ ജീവിതം. അദ്ദേഹത്തിന്റെ ജീവിതം ഞങ്ങള്‍ക്കെല്ലാം ശക്തിയും പ്രചോദനവും നല്‍കും.’ കേന്ദ്ര മന്ത്രി അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ഒപ്പം പങ്കുവെച്ച വീഡിയോയില്‍ കേന്ദ്രമന്ത്രി സവര്‍ക്കറുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി വണങ്ങുന്നതും കാണാം.