ന്യൂഡല്‍ഹി: ഹിമാചലില്‍ ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായ റോഡ് ഷോയില്‍ തന്റെ മാതാവിന്റെ ചിത്രം കണ്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വഴിയരികില്‍ പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍ മോദിയുടെ പെയിന്റിങ്ങുമായി പ്രധാനമന്ത്രിയെ കാത്തുനിന്ന പെണ്‍കുട്ടിക്ക് അരികിലേയ്ക്കാണ് സുരക്ഷാ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചുകൊണ്ട് മോദി കടന്നുവന്നത്.
റോഡ് റാലിക്കിടെ മുഖ്യമന്ത്രി ജയറാം ഠാക്കൂറിന് ഒപ്പമാണ് പ്രധാനമന്ത്രി വാഹനത്തില്‍നിന്നും അപ്രതീക്ഷിതമായി പുറത്തേയ്ക്ക് ഇറങ്ങിയത്. പെണ്‍കുട്ടിക്ക് അരികിലെത്തിയ പ്രധാനമന്ത്രി ചിത്രം സ്വീകരിച്ചശേഷം, ചിത്രം വരയ്ക്കുന്നതിന് എത്ര സമയമെടുത്തുവെന്ന് ചോദിച്ച് മനസ്സിലാക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്.