റോഡ് സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പൊതുജനത്തെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ പദ്ധതി ഒരുങ്ങുന്നതായി കേന്ദ്ര സര്‍ക്കാര്‍. റോഡില്‍ നിയമം തെറ്റിച്ച് വാഹനം പാര്‍ക്ക് ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനത്തിലാണ് പൊതുജനങ്ങള്‍ക്കും പങ്കാളികളാകാന്‍ സാധിക്കുക. പദ്ധതിയില്‍ പങ്കാളികളാകുന്ന പൊതുജനങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കുന്ന രീതിയിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം.
നിയമം തെറ്റിച്ച് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ ക്ലിക്ക് ചെയ്ത് അയയ്ക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്കാന് ആലോചിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് 1000 രൂപ പിഴയും ഫോട്ടോ അയക്കുന്നയാള്‍ക്ക് 500 രൂപ പ്രതിഫലവും ലഭിക്കുന്ന രീതിയിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം. ഈ നിയമം പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുമെന്ന് ഗഡ്കരി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ‘ഇന്‍ഡസ്ട്രിയല്‍ ഡീകാര്ബണൈസേഷന് സമ്മിറ്റ് 2022ന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.