ദ്രൗപതി മുര്‍മു എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: ചരിത്ര തീരുമാനവുമായി ബി.ജെ.പി

എന്‍ഡിഎ ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് എന്‍.ഡി.എ. മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സംയുക്ത സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷം തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ബി.ജെ.പി പ്രഖ്യാപനം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥി വരുന്നത്. ജൂലായ് 18നാണ് പുതിയ രാഷ്ട്രപതിക്കായി തിരഞ്ഞെടുപ്പ് നടത്തുന്നത്.

ഒഡീഷയിലെ സന്താള്‍ ആദിവാസി സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വന്ന പ്രമുഖ വനിതാ നേതാവാണ് ദ്രൗപതി മുര്‍മു. റൈരംഗ്പൂര്‍ നഗര്‍ പഞ്ചായത്തില്‍ കൗണ്‍സിലറായിട്ടാണ് മുര്‍മുവിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 2000ല്‍ ഒഡീഷ സര്‍ക്കാരില്‍ മന്ത്രിയായി. 2015ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായതോടെ സംസ്ഥാനത്തെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന ബഹുമതിയും ദ്രൗപതി മുര്‍മുവിന് സ്വന്തമാക്കി.