ന്യൂഡല്‍ഹി: ബഹിരാകാശ ദൗത്യങ്ങള്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആകാശത്തോളം സ്വപ്നങ്ങളുമായി ഇന്ത്യന്‍ യുവത സ്റ്റാര്‍ട്ട്അപ്പുകളിലൂടെ ബഹിരാകാശ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി അഭിനന്ദിച്ചു. ചുരുങ്ങിയ ചെലവില്‍ ഉപഗ്രഹങ്ങള്‍ അടക്കം നിര്‍മ്മിക്കാന്‍ കഴിയുന്ന ഈ സ്റ്റാര്‍ട്ട്അപ്പുകള്‍ രാജ്യത്തിന്റെ പുതിയ പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മന് കീ ബാത്തില്‍’ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്ത് ബഹിരാകാശ മേഖലയില്‍ നൂറിലധികം സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ചെന്നൈയിലെ അഗ്നികുല്‍, ഹൈദരാബാദിലെ സ്കൈറൂട്ട് എന്നിവ ചുരുങ്ങിയ ചെലവില്‍ ചെറിയ പേ ലോഡുകള്‍ വഹിക്കാന്‍ കഴിയുന്ന വിക്ഷേപണ വാഹനങ്ങള്‍ വികസിപ്പിക്കുന്നു. ഹൈദരാബാദിലെ ധ്രുവ സ്പേസ് സ്റ്റാര്‍ട്ട്അപ്പ് സാറ്റലൈറ്റ് ഡിപ്ലോയര്‍, സാറ്റലൈറ്റുകള്‍ എന്നിവയ്ക്കായുള്ള ഹൈടെക്നോളജി സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നു. അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 750ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 75 ചെറു ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.