യുവജനങ്ങള്‍ക്ക് 17 വയസ്സ് തികഞ്ഞാലുടന്‍ ഇനി മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷിക്കാം. ഒരു വര്‍ഷത്തിന്റെ ജനുവരി 1-ന് 18 വയസ്സ് തികഞ്ഞിരിക്കണമെന്നുള്ള മാനദണ്ഡം പാലിക്കാന്‍ ഇനി കാത്തിരിക്കേണ്ടതില്ല.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീ രാജീവ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീ അനുപ് ചന്ദ്ര പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍, എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ / ഇലക്ടറല്‍ രെജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ / അസിസ്റ്റന്റ് ഇലക്ടറല്‍ രെജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ എന്നിവരോട് സാങ്കേതിക പരിഹാരങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജനുവരി 1 മാത്രമല്ല; ഏപ്രില്‍ 01, ജൂലൈ 01, ഒക്ടോബര്‍ 01 എന്നിവയും യോഗ്യതാ തീയതികള്‍ ആയി പരിഗണിക്കും. ഇനി മുതല്‍, എല്ലാ പാദത്തിലും വോട്ടര്‍പ്പട്ടിക പുതുക്കും. അര്‍ഹരായ യുവജനങ്ങള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയാക്കിയ ശേഷം വരുന്ന തൊട്ടടുത്ത വാര്‍ഷിക പാദത്തില്‍ തന്നെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. പേര് ചേര്‍ക്കുന്നവര്‍ക്ക് ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (EPIC) നല്‍കും.
2023ലെ വോട്ടര്‍പ്പട്ടിക പുതുക്കലിന്റെ ഭാഗമായി, 2023 ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 തീയതികളില്‍ 18 വയസ്സ് തികയുന്ന ഏതൊരു പൗരനും കരട് പ്രസിദ്ധീകരിച്ച തീയതി മുതല്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍കൂര്‍ അപേക്ഷ സമര്‍പ്പിക്കാം.
കൂടുതല്‍ ഉപയോക്തൃ സൗഹൃദവും ലളിതവുമായ, പരിഷ്‌കരിച്ച രജിസ്‌ട്രേഷന്‍ ഫോമുകള്‍ 2022 ഓഗസ്റ്റ് 1-ന് പ്രാബല്യത്തില്‍ വരും. 2022 ഓഗസ്റ്റ് 1-ന് മുമ്പ് ലഭിച്ച എല്ലാ അപേക്ഷകളും (അവകാശവാദങ്ങളും എതിര്‍പ്പുകളും) പഴയ ഫോമുകളില്‍ പരിഗണിക്കുകയും തീര്‍പ്പാക്കുകയും ചെയ്യും. അവര്‍ പുതിയ ഫോമില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യമില്ല.
വാര്‍ഷിക സംക്ഷിപ്ത പുനരവലോകനത്തിന്റെ ഭാഗമായി, 1500-ലധികം വോട്ടര്‍മാരുള്ള പോളിംഗ് സ്റ്റേഷനുകള്‍, 2020 ലെ പോളിംഗ് സ്റ്റേഷന്‍ മാന്വലില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരണത്തിന് മുമ്പായി യുക്തിസഹമാക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്യും. കഴിയുന്നിടത്തോളം അടുത്ത പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള സെക്ഷനുകള്‍ യുക്തിസഹമാക്കിയതിനുശേഷം മാത്രമേ പുതിയ പോളിംഗ് സ്റ്റേഷന്‍ സൃഷ്ട്ടിക്കുകയുള്ളു. കുടുംബാംഗങ്ങളെയും അയല്‍ക്കാരെയും ഒരു പോളിംഗ് സ്റ്റേഷന്‍ പരിധിയില്‍ കൊണ്ട് വരിക എന്നതാണ് മറ്റൊരു ലക്ഷ്യം.
വോട്ടര്‍പ്പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി, വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ തേടുന്നതിന് പരിഷ്‌കരിച്ച രജിസ്‌ട്രേഷന്‍ ഫോമില്‍ വ്യവസ്ഥയുണ്ട്. നിലവിലുള്ള വോട്ടര്‍മാരുടെ ആധാര്‍ നമ്പര്‍ ശേഖരിക്കുന്നതിനായി പുതിയ ഫോം-6 B യും അവതരിപ്പിച്ചു. എന്നിരുന്നാലും, ഒരു വ്യക്തി ആധാര്‍ നമ്പര്‍ നല്കാത്തതിന്റെയോ അറിയിക്കാത്തതിന്റെ പേരില്‍ അയാളുടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ നിരസിക്കുകയോ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയോ ഇല്ല.
വോട്ടര്‍പട്ടികയില്‍ ആവര്‍ത്തനം ഇല്ലാതാക്കുന്നതിനുള്ള വിശദമായ നടപടിക്രമം വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ (BLA) അല്ലെങ്കില്‍ RWA പ്രതിനിധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആവര്‍ത്തനത്തിന്മേല്‍ ഫീല്‍ഡ് വെരിഫിക്കേഷന്‍ നിര്‍ബന്ധമായും നടത്തുന്നു. സ്ഥിരമായി താമസിക്കുന്നതായി കാണാത്ത സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടറുടെ പേര് നീക്കം ചെയ്യും.
വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പ് വരുത്തുന്നതിന്, ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (BLO) ഫീല്‍ഡ് വെരിഫിക്കേഷന്റെ ആവശ്യകത തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഊന്നിപ്പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍, മൊത്തമായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ BLA മാരെ കമ്മീഷന്‍ അനുവദിച്ചു. ഒരു BLA ഒരു സമയം/ഒരു ദിവസം 10-ല്‍ കൂടുതല്‍ ഫോമുകള്‍ BLO-യ്ക്ക് സമര്‍പ്പിക്കാന്‍ പാടില്ല എന്ന് വ്യവസ്ഥയുണ്ട്. ക്ലെയിമുകളും എതിര്‍പ്പുകളും ഫയല്‍ ചെയ്യുന്ന മുഴുവന്‍ സമയത്തും ഒരു BLA 30-ലധികം അപേക്ഷകള്‍/ഫോമുകള്‍ സമര്‍പ്പിച്ചാല്‍, ERO/AERO പരിശോധന നടത്തണം. കൂടാതെ, അപേക്ഷാ ഫോമുകളുടെ വിശദാംശങ്ങള്‍ താന്‍ വ്യക്തിപരമായി പരിശോധിച്ചുവെന്നും അവ ശരിയാണെന്നും തൃപ്തിയുണ്ടെന്നും ഉള്ള സത്യവാങ്മൂലവും അപേക്ഷാ ഫോമുകളോടൊപ്പം BLA സമര്‍പ്പിക്കണം.