ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ യാത്രയയപ്പു ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ജിഎംസി ബാലയോഗി ഓഡിറ്റോറിയത്തില്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് ഇന്നു നല്‍കിയ യാത്രയയപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.
ചടങ്ങില്‍ സംസാരിക്കവേ, എപ്പോഴും സജീവമായ ഇടപെടലുകള്‍ നടത്തുന്നതു ശ്രീ വെങ്കയ്യ നായിഡുവിന്റെ ഗുണമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആ സ്വഭാവവിശേഷം അദ്ദേഹത്തെ പൊതുപ്രവര്‍ത്തനവുമായി എപ്പോഴും ബന്ധപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ വെങ്കയ്യ നായിഡുവുമായുള്ള ദീര്‍ഘകാലബന്ധം അനുസ്മരിച്ച ശ്രീ മോദി, വാജ്‌പേയി ഗവണ്മെന്റില്‍ മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ഗ്രാമവികസനവകുപ്പിനു ശ്രീ നായിഡു നല്‍കിയ പ്രാധാന്യത്തെക്കുറിച്ച് ഓര്‍ക്കുകയും ചെയ്തു. വിവേചനബുദ്ധിയോടെ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പാണത്.  ഗ്രാമവികസനം, നഗരവികസനം എന്നീ രണ്ടു വകുപ്പുകളുടെയും മേല്‍നോട്ടം ശ്രീ നായിഡു വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യസഭാംഗമായിരിക്കെ ഉപരാഷ്ട്രപതിയായും രാജ്യസഭ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യവ്യക്തി എന്ന സവിശേഷതയും അദ്ദേഹത്തിനുണ്ട്.  പാര്‍ലമെന്ററികാര്യ മന്ത്രിയെന്ന അനുഭവപരിചയവും സഭയെ വളരെ അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു- പ്രധാനമന്ത്രി പറഞ്ഞു.
സഭയുടെയും അംഗങ്ങളുടെയും സമിതികളുടെയും കഴിവുകള്‍ ശാക്തീകരിക്കാനും വര്‍ധിപ്പിക്കാനുമുള്ള ശ്രീ നായിഡുവിന്റെ പ്രയത്‌നങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പാര്‍ലമെന്റംഗങ്ങളില്‍നിന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നതൊക്കെ നിറവേറ്റാന്‍ നാം എപ്പോഴും ശ്രമിക്കണമെന്നതു പ്രാധാന്യമര്‍ഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ശ്രീ നായിഡുവിന്റെ കഴിവിനെ പ്രശംസിച്ച പ്രധാനമന്ത്രി, കൊറോണ നിയന്ത്രണങ്ങളുടെ കാലത്ത് ഉപരാഷ്ട്രപതി എങ്ങനെയാണു തന്റെ ദീര്‍ഘമായ പൊതുജീവിതത്തില്‍ ജനങ്ങളുമായി ഫോണിലൂടെ ബന്ധപ്പെടുന്ന ‘ടെലി-യാത്രകള്‍’ നടത്തിയതെന്നും അനുസ്മരിച്ചു. ഇതു പ്രതിസന്ധിഘട്ടങ്ങളില്‍ ഏവര്‍ക്കും ആശ്വാസവും പ്രോത്സാഹനവുമായി. അതുപോലെ, മഹാമാരിക്കാലത്ത് അദ്ദേഹം എല്ലാ എംപിമാരുമായും ബന്ധപ്പെട്ടിരുന്നു. ബിഹാര്‍ സന്ദര്‍ശന വേളയില്‍ ശ്രീ നായിഡുവിന്റെ ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കേണ്ടി വന്നതും ഒരു കര്‍ഷകന്‍ അദ്ദേഹത്തെ സഹായിച്ചതും പ്രധാനമന്ത്രി ഓര്‍മിച്ചു. ആ കര്‍ഷകനുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ശ്രീ നായിഡു ഇപ്പോഴും ബന്ധം പുലര്‍ത്തുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇനിയുമേറെക്കാലം ഇതേ അര്‍പ്പണബോധത്തോടും വിവേകത്തോടുംകൂടി അദ്ദേഹം പൊതുജീവിതത്തിലൂടെ ജനങ്ങള്‍ക്കു വഴികാട്ടുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
മാതൃഭാഷയോടു ശ്രീ നായിഡു കാട്ടുന്ന ആദരത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി  ഭാഷകള്‍ക്കായുള്ള ദേശീയ പൊതു ഡിജിറ്റല്‍ ഇടമായ ‘ഭാഷിണി’യെക്കുറിച്ചും പരാമര്‍ശിച്ചു. നിര്‍മിതബുദ്ധിയുടെയും വളര്‍ന്നുവരുന്ന മറ്റു സാങ്കേതികവിദ്യകളുടെയും കരുത്തു പ്രയോജനപ്പെടുത്തി ജനങ്ങള്‍ക്കു സേവനങ്ങളും ഉല്‍പ്പന്നങ്ങളും വികസിപ്പിക്കുന്നതാണു ‘ഭാഷിണി’. ഇരുസഭകളിലെയും അംഗങ്ങളോട് ഇക്കാര്യം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാതൃഭാഷയിലെ സംവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന പുതിയ മികച്ച പദങ്ങള്‍ ശേഖരിച്ച്, രാജ്യത്തെ ഭാഷകളെ സമ്പന്നമാക്കാന്‍ അവ കൂട്ടിച്ചേര്‍ക്കണമെന്ന് അദ്ദേഹം സ്പീക്കറോടും രാജ്യസഭാ ഉപാധ്യക്ഷനോടും ആവശ്യപ്പെട്ടു. നല്ല വാക്കുകളുടെ ശേഖരം പുറത്തിറക്കുന്ന വാര്‍ഷിക പാരമ്പര്യം തുടങ്ങിയതിലൂടെ, ശ്രീ വെങ്കയ്യ കാട്ടിയ മാതൃഭാഷാസ്‌നേഹത്തിന്റെ പാരമ്പര്യം ഞങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകും- പ്രധാനമന്ത്രി പറഞ്ഞു.