ന്യൂ ഡൽഹി: ഒഡീഷ തീരത്തെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ITR) വച്ച്, ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് കുത്തനെ വിക്ഷേപിക്കാവുന്ന ഹ്രസ്വദൂര മിസൈൽ (വെർട്ടിക്കൽ ലോഞ്ച് ഷോർട്ട് റേഞ്ച് സർഫേസ് ടു എയർ മിസൈൽ – VL-SRSAM) DRDO യും ഇന്ത്യൻ നാവികസേനയും ചേർന്ന് ഇന്ന് (2022 ഓഗസ്റ്റ് 23-ന്) വിജയകരമായി പരീക്ഷിച്ചു.
നാവികസേനയുടെ കപ്പലിൽ നിന്ന് ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്ന ആളില്ലാ വിമാന ലക്ഷ്യത്തിലേക്ക് തൊടുത്തുകൊണ്ട്, ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് കുത്തനെ വിക്ഷേപിക്കുന്നതിനുള്ള ശേഷി വിജയകരമായി പരീക്ഷിച്ചു. തദ്ദേശീയ റേഡിയോ ഫ്രീക്വൻസി (RF) സീക്കർ ഘടിപ്പിച്ച മിസൈലുകൾ മികച്ച കൃത്യതയോടെ ലക്ഷ്യം ഭേദിച്ചു. VL-SRSAM സംവിധാനം തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തിരിക്കുന്നത് DRDO ആണ്.
പരീക്ഷണ വിക്ഷേപണ വേളയിൽ റഡാർ, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സംവിധാനം (EOTS), ഐടിആർ, ചന്ദിപൂർ വിന്യസിച്ച ടെലിമെട്രി സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ലഭ്യമാക്കിയ ഫ്ലൈറ്റ് ഡാറ്റ പ്രയോജനപ്പെടുത്തി വിമാനത്തിന്റെ സഞ്ചാരപഥവും പ്രകടന ശേഷി മാനദണ്ഡങ്ങളും നിരീക്ഷിച്ചു.
VL-SRSAM ന്റെ വിജയകരമായ പരീക്ഷണ വിക്ഷേപണത്തിൽ DRDO, ഇന്ത്യൻ നാവിക സേന, അനുബന്ധ സംഘങ്ങൾ എന്നിവയെ രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് അഭിനന്ദിക്കുകയും ഈ മിസൈൽ ഇന്ത്യൻ നാവികസേനയുടെ ശക്തി വർദ്ധിപ്പിക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്തു.