കര്‍ത്തവ്യ പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ഇന്ത്യാ ഗേറ്റില്‍ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും അനാവരണം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘കര്‍ത്തവ്യ പാത’ ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ പ്രതീകമായ പഴയ രാജ്പഥില്‍ നിന്ന്, പൊതു ഉടമസ്ഥതയുടെയും ശാക്തീകരണത്തിന്റെയും ഉദാഹരണമായ കര്‍ത്തവ്യ പാതയിലേക്കുള്ള മാറ്റത്തെ ഇത് സൂചിപ്പിക്കുന്നു. ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമയത്ത് രാജ്യത്തിന് ഇന്ന് ഒരു പുതിയ പ്രചോദനവും ഊര്‍ജ്ജവും അനുഭവപ്പെട്ടതായി സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ന്, ഞങ്ങള്‍ ഭൂതകാലത്തെ ഉപേക്ഷിച്ച് പുതിയ നിറങ്ങള്‍ കൊണ്ട് നാളത്തെ ചിത്രം വരയ്ക്കുകയാണ്. ഇന്ന് ഈ പുതിയ പ്രഭാവലയം എല്ലായിടത്തും ദൃശ്യമാണ്, അത് പുതിയ ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പ്രഭാവലയമാണ്’- അദ്ദേഹം പറഞ്ഞു. ‘അടിമത്തത്തിന്റെ പ്രതീകമായ രാജ്പഥ്, രാജവീഥി ഇന്ന് മുതല്‍ ചരിത്രത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു, അത് എന്നെന്നേക്കുമായി മായ്ച്ചുകളയപ്പെട്ടിരിക്കുന്നു. ഇന്ന് ‘കര്‍ത്തവ്യ പാത’യുടെ രൂപത്തില്‍ ഒരു പുതിയ ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തില്‍, അടിമത്തത്തിന്റെ മറ്റൊരു അധ്യായത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ എല്ലാ പൗരന്‍മാരേയും ഞാന്‍ അഭിനന്ദിക്കുന്നു.’
ഇന്ന് നമ്മുടെ ദേശീയ നായകന്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഒരു ബൃഹദ് പ്രതിമയും ഇന്ത്യാ ഗേറ്റിന് സമീപം സ്ഥാപിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ‘അടിമത്തകാലത്ത് ബ്രിട്ടീഷ് രാജിന്റെ പ്രതിനിധിയുടെ പ്രതിമയുണ്ടായിരുന്നു. നേതാജിയുടെ പ്രതിമ അതേ സ്ഥലത്ത് സ്ഥാപിച്ചതിലൂടെ ഇന്ന് രാജ്യം ആധുനികവും ശക്തവുമായ ഒരു ഇന്ത്യയെ ജീവസ്സുറ്റതാക്കുകയും ചെയ്തു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ‘സുഭാഷ് ചന്ദ്രബോസ് പദവിയുടെയും വിഭവങ്ങളുടെയും വെല്ലുവിളികള്‍ക്കതീതനായിരുന്നു. ലോകം മുഴുവന്‍ അദ്ദേഹത്തെ ഒരു നേതാവായി കണക്കാക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ സ്വീകാര്യത. അദ്ദേഹത്തിന് ധൈര്യവും ആത്മാഭിമാനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ആശയങ്ങളുണ്ടായിരുന്നു, ദര്‍ശനങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന് നേതൃപാടവവും നയങ്ങളും ഉണ്ടായിരുന്നു.’ നേതാജിയുടെ മഹത്വം അനുസ്മരിച്ച് പ്രധാനമന്ത്രി പറഞ്ഞു.