അഹമ്മദാബാദില്‍ നടന്ന ‘കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോണ്‍ക്ലേവ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തു.

കോണ്‍ക്ലേവ് സംഘാടിപ്പിച്ചത് കൂട്ടായ പരിശ്രമത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്നു സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനത്തില്‍ ശാസ്ത്രം ഊര്‍ജം പോലെയാണ്. എല്ലാ പ്രദേശങ്ങളുടെയും സംസ്ഥാനങ്ങളുടെയും വികസനം ത്വരിതപ്പെടുത്താന്‍ അതിനു കരുത്തുണ്ട്’- പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, നാലാം വ്യാവസായിക വിപ്ലവത്തിനു നേതൃത്വം നല്‍കുന്നതിലേക്ക് ഇന്ത്യ നീങ്ങുമ്പോള്‍, ഇന്ത്യയുടെ ശാസ്ത്രത്തിന്റെയും ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെയും പങ്കുവളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തില്‍, ഭരണത്തിലും നയരൂപീകരണത്തിലും ജനങ്ങളുടെ ഉത്തരവാദിത്വം ഗണ്യമായി വര്‍ധിക്കുന്നു.
പ്രതിസന്ധികളുടെയും പരിണാമത്തിന്റെയും നവീകരണത്തിന്റെയും അടിസ്ഥാനം ശാസ്ത്രമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിഗ്യാന്‍, ജയ് അനുസന്ധാന്‍ എന്നിവയിലൂടെ ഇന്നത്തെ പുതിയ ഇന്ത്യ മുന്നേറുന്നത് ഈ പ്രചോദനത്തോടെയാണ്.
കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും സഹായിക്കുന്ന, ചരിത്രത്തില്‍നിന്നു നമുക്കു പഠിക്കാനാകുന്ന, പാഠങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ ഓര്‍ക്കുകയാണെങ്കില്‍, ലോകം എങ്ങനെയാണു വിനാശത്തിന്റെയും ദുരന്തത്തിന്റെയും കാലഘട്ടത്തിലൂടെ കടന്നുപോകുന്നതെന്നു നമുക്കു കണ്ടെത്താനാകുമെന്നു പറഞ്ഞു. എന്നാല്‍ ആ കാലഘട്ടത്തില്‍ പോലും, അത് കിഴക്കോ പടിഞ്ഞാറോ ആകട്ടെ, എല്ലായിടത്തും ശാസ്ത്രജ്ഞര്‍ അവരുടെ മഹത്തായ കണ്ടെത്തലുകളില്‍ ഏര്‍പ്പെട്ടിരുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ ഐന്‍സ്റ്റീന്‍, ഫെര്‍മി, മാക്‌സ് പ്ലാങ്ക്, നീല്‍സ് ബോര്‍, ടെസ്ല തുടങ്ങിയ ശാസ്ത്രജ്ഞര്‍ തങ്ങളുടെ പരീക്ഷണങ്ങളിലൂടെ ലോകത്തെ വിസ്മയിപ്പിക്കുകയായിരുന്നു. അതേ കാലഘട്ടത്തില്‍, സി വി രാമന്‍, ജഗദീഷ് ചന്ദ്രബോസ്, സത്യേന്ദ്രനാഥ് ബോസ്, മേഘനാദ് സാഹ, എസ് ചന്ദ്രശേഖര്‍ തുടങ്ങി നിരവധി ശാസ്ത്രജ്ഞര്‍ തങ്ങളുടെ പുതിയ കണ്ടുപിടിത്തങ്ങള്‍ മുന്നിലെത്തിച്ചു. നമ്മുടെ ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനത്തിന് അര്‍ഹമായ അംഗീകാരം നല്‍കിയില്ല എന്നു ചൂണ്ടിക്കാട്ടി, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ശാസ്ത്രജ്ഞരുടെ നേട്ടങ്ങള്‍ നാം ആഘോഷിക്കുമ്പോള്‍, ശാസ്ത്രം നമ്മുടെ സമൂഹത്തിന്റെ ഭാഗമാകുമ്പോള്‍, അതു സംസ്‌കാരത്തിന്റെ ഭാഗമാകുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരുടെ നേട്ടങ്ങള്‍ ആഘോഷിക്കാന്‍ എല്ലാവരോടും ശ്രീ മോദി അഭ്യര്‍ത്ഥിച്ചു. ‘രാജ്യത്തിന് ആഘോഷിക്കാന്‍ ശാസ്ത്രജ്ഞര്‍ ധാരാളം കാരണങ്ങള്‍ നല്‍കുന്നു’- പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വാക്സിന്‍ വികസിപ്പിക്കുന്നതിലും ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഡ്രൈവിന് സംഭാവന നല്‍കിയതിലും ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.